സ്ത്രീപ്രവേശനത്തിനെതിരല്ല; കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തില്‍;നിലപാട് തിരുത്തി സി.പി സുഗതന്‍; ഹാദിയയോട് മാപ്പ് പറയുന്നെന്നും സുഗതന്‍
Sabarimala
സ്ത്രീപ്രവേശനത്തിനെതിരല്ല; കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തില്‍;നിലപാട് തിരുത്തി സി.പി സുഗതന്‍; ഹാദിയയോട് മാപ്പ് പറയുന്നെന്നും സുഗതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 10:30 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പിശക് പറ്റിയെന്നും താന്‍ നിലപാട് മാറ്റിയെന്നും ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി സുഗതന്‍. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവോത്ഥാന വനിതാമതില്‍ സംഘാടനത്തിന്റെ ജോ. കണ്‍വീനറായി നിശ്ചയിച്ചതോടെ സുഗതന്റെ നിലപാട് വിവാദമായിരുന്നു.

ഇതിനെതുടര്‍ന്നാണ് സുഗതന്‍ ഇപ്പോള്‍ നിലപാട് മാറ്റിയത്. തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാമതില്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് സുഗതന്‍ നിലപാട് മാറ്റം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സമിതി യോഗം ചേര്‍ന്നത്. തന്റെ പഴയ നിലപാടില്‍ പിശക് പറ്റിയതായും, താന്‍ ഇപ്പോള്‍ അത് തിരുത്തുന്നതായും സുഗതന്‍ യോഗത്തില്‍ പറഞ്ഞു.

കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും. ഹാദിയയോട് മാപ്പ് പറയുന്നതായും സുഗതന്‍ പറഞ്ഞു. നേരത്തെ വനിതാ മതില്‍ ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍ അറിയിച്ചിരുന്നു. മതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകും വരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറഞ്ഞിരുന്നു.

Also Read  ശരണമന്ത്രം രാഷ്ട്രീയ മുദ്രാവാക്യമാക്കി, ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തടഞ്ഞു; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ സി.പി. സുഗതനെ  സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

2019 ജനുവരി ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാ മതില്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചിരുന്നു.

DoolNews Video