[] ന്യൂദല്‍ഹി: കുന്നംകുളം എം.എല്‍.എ ബാബു.എം പാലിശ്ശേരിയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്തു കൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥി സി.പി ജോണ്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.
തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദ്ദേശങ്ങള്‍ വിധിയില്‍ ഉണ്ടാകുമെന്ന സൂചന ഹരജി പരിഗണിച്ച ശേഷം കോടതി നല്‍കിയിരുന്നുവെങ്കിലും അത് സംബന്ധിച്ച പരാമര്‍ശങ്ങളൊന്നും ഉണ്ടായില്ല. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
സാങ്കേതിക കാരണങ്ങളാല്‍ ഹൈക്കോടതി പ്രാഥമിക ഘട്ടത്തില്‍തന്നെ ഹരജി തള്ളിയതിനെ ചോദ്യം ചെയ്തായിരുന്നു ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ജയില്‍ശിക്ഷ അനുഭവിച്ചതിന്റെ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചുവെന്നും അപര സ്ഥാനാര്‍ത്ഥി പ്രസിദ്ധീകരിച്ച നോട്ടീസ് തെറ്റിദ്ധാരണ നിറഞ്ഞതാണെന്നുമാണ് സി.പി ജോണിന്റെ ഹരജിയിലെ പ്രധാന ആരോപണങ്ങള്‍.