|

അന്‍വറിനെ യു.ഡി.എഫിലെടുക്കണമെന്ന്‌ സി.പി. ജോണ്‍; വരട്ടെ, സമയമായിട്ടില്ലെന്ന് ആര്‍.എസ്.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പി.വി. അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തെച്ചൊല്ലി യു.ഡി.എഫില്‍ ഭിന്നത. നിലമ്പൂര്‍ എം.എല്‍.എയും ഡി.എം.കെ നേതാവുമായ പി.വി. അന്‍വറിനെ യു.ഡി.എഫ് ഉള്‍ക്കൊള്ളണമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ആവശ്യപ്പെട്ടു.

അന്‍വറിന്റെ അറസ്റ്റ് നിര്‍ണായക രാഷ്ട്രീയ വഴിത്തിരിവ് ആണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാന നിലപാട് എടുക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും ലീഗിന്റെ നിലപാടും നിര്‍ണായകമാണെന്നും സി.പി ജോണ്‍ പ്രതികരിച്ചു.

‘അന്‍വറും അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങളും ഒരു റിയാലിറ്റി ആണ്. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി ഫൈറ്റ് ചെയ്യുകയാണ്. ഇന്നലെത്തെ അറസ്റ്റ് ഒരു രാഷ്ട്രീയ വഴിത്തിരിവാണ്. അന്‍വറും തിരുത്തേണ്ടി വരും. എന്നാല്‍ അന്‍വറിനെ സ്വീകരിക്കണമെന്ന് പറയാന്‍ ഞാന്‍ ആളല്ല. അതെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസും ലീഗുമാണ്. ഞങ്ങള്‍ ഒരു ചെറിയ വിഭാഗം മാത്രമാണ്,’ സി.പി. ജോണ്‍ പറഞ്ഞു.

അതേസമയം അന്‍വറിനെ മുന്നണിയിലേക്കെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് ആര്‍.എസ്.പി നിലപാട്. അന്‍വറിന് കൃത്യമായ രാഷ്ട്രീയമില്ലെന്നും ഓരോ ദിവസം ഒരോ ഇടത്താണെന്നും അതുകൊണ്ട് ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ഭയമുണ്ടെന്നും സമയമെടുത്ത് തീരുമാനിച്ചാല്‍ മതിയെന്നുമാണ് ആര്‍.എസ്.പി പറയുന്നത്.

അന്‍വറിന്റെ അറസ്റ്റിനെ പ്രതിപക്ഷ നേതാവുള്‍പ്പെടെുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, വി.ഡി. സതീശന്‍ എന്നിവരെല്ലാം തന്നെ അന്‍വറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അന്‍വറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇപ്പോഴും യു.ഡി.എഫ് രണ്ട് തട്ടില്‍ തന്നെയാണ്. അന്‍വര്‍ സര്‍ക്കാരിന് എതിരാണെങ്കിലും ചേലക്കരയില്‍ അടക്കം സ്ഥാനാര്‍ത്ഥിയില്‍ നില്‍പ്പിച്ചത് കോണ്‍ഗ്രസിന് ക്ഷീണമായെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.

അതേസമയം അന്‍വറിനെ് പിന്തുണ നിലപാടുകളാണ് കോണ്‍ഗ്രസ് ഈയിടെയായി സ്വീകരിക്കുന്നത്. സംസ്ഥാന വനനിയമഭേദഗതിക്കെതിരെ അന്‍വര്‍ സംഘടിപ്പിച്ച ജനകീയ യാത്രയില്‍ ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ ആയിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോട അദ്ദേഹം പിന്മാറി.

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ പിന്തുണ അന്‍വറിനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍.ഡി.എഫില്‍ നിന്ന് പുറത്തുപോയ അന്‍വര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും തമിഴ്നാട്ടിലെ ഡി.എം.കെയുമായെല്ലാം അന്‍വര്‍ സഖ്യസാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല.

Content Highlight: C.P John wants Anwar to join the Congress; R.S.P said that the time has not come