നാലു പതിറ്റാണ്ടുകാലത്തെ ബന്ധമാണ് എനിക്കും ബ്രിട്ടോയ്ക്കും തമ്മിലുള്ളത്. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകരായി, ഞാന്‍ കോഴിക്കോട്ടും എറണാകുളത്ത് ബ്രിട്ടോയും പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ആ ബന്ധം ആരംഭിച്ചത്. പിന്നീടത് സൗഹൃദവും സൗഹൃദത്തിലപ്പുറമുള്ള ബന്ധവുമായി വളരുകയായിരുന്നു.
കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമാണ് അന്ന് കലാലയത്തില്‍ ഉണ്ടായിരുന്നത്. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും പതിവായിരുന്നു. ഏതു പ്രശ്നത്തിന്റെ മുന്നിലും ധീരതയുടെ പര്യായപദംപോലെ ഉയര്‍ന്നുനിന്ന ഒരു വ്യക്തിയായിരുന്നു ബ്രിട്ടോ. നിരന്തരം സംഘടനാ പ്രവര്‍ത്തനം നടത്തുകയും ഒരു ദിവസം നൂറുകണക്കിനാളുകളുമായി സംസാരിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും വായിപ്പിക്കുകയും പിന്നീട് എഴുതുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വം.
അതിനിടയിലാണ് ബ്രിട്ടോയ്ക്ക് മാരകമായ കുത്തേറ്റത്. പഠനത്തില്‍ ശ്രദ്ധിക്കാന്‍ സംഘടനയടക്കം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബാക്കിവെന്ന പരീക്ഷകള്‍ എഴുതുന്നതിനിടയിലാണ് മഹാരാജാസിലെ സംഘട്ടനത്തില്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റത്. ബ്രിട്ടോയെ കുനിച്ചു നിര്‍ത്തി കുത്തുകയായിരുന്നു. കെ.എസ്.യുവും എസ്.എഫ്.ഐയും തമ്മിലായിരുന്നു സംഘര്‍ഷം എന്ന് എടുത്തു പറയേണ്ടതില്ല.
1983-ല്‍ കുത്തു കൊള്ളുമ്പോള്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു ബ്രിട്ടോ. പക്ഷേ 1985 ല്‍ എസ്.എഫ്.ഐയുടെ കൊല്ലം സംസ്ഥാന സമ്മേളനമാണ് മരണത്തോട് മല്ലടിച്ചു കൊണ്ടിരുന്ന ബ്രിട്ടോയെ സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
അതിനുശേഷം ബ്രിട്ടോയുടെ ജീവിതം തുലാസിലാടി. ബ്രിട്ടോ മരിക്കുമെന്ന് എല്ലാവരും വിധിയെഴുതി. പക്ഷേ ബ്രിട്ടോ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രത്യേക പരിചരണയില്‍ മാസങ്ങള്‍ തള്ളി നീക്കി. ബ്രിട്ടോയുടെ പിതാവ്, (അദ്ദേഹം പിന്നീട് എം.എല്‍.എയായി), നല്‍കിയ ചില ഹോമിയോ മരുന്നുകളും കൂട്ടിനുണ്ടായി. എല്ലാത്തിന്റേയും ഫലമായിട്ടാവണം ബ്രിട്ടോ മരണത്തിന്റെ പടവുകളില്‍ നിന്നും മുകളിലേക്ക് കയറിവന്നത്.
പക്ഷേ പിന്നീടങ്ങോട്ട് ബ്രിട്ടോ കേവലം കുത്തുകൊണ്ട ഒരു രോഗിയായിട്ടല്ല, വീണ്ടും ആയിരങ്ങളെ തന്നിലേക്ക് അടുപ്പിക്കുന്ന ഒരു കാന്തമായിട്ടാണ് ജീവിച്ചത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കിടപ്പ്, ഒരു മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് പോകാനാവാത്ത തരത്തില്‍ പത്തുവര്‍ഷത്തോളം ബ്രിട്ടോ ജീവിച്ചപ്പോള്‍, ഞങ്ങളെപ്പോലുള്ള നൂറുകണക്കിനാളുകള്‍ ബ്രിട്ടോയുടെ വീട്ടില്‍ ആ മുറിയിലെത്തി. പ്രാഥമിക കാര്യങ്ങളിലടക്കം ശ്രദ്ധിച്ചു. ബ്രിട്ടോയുടെ ഡാഡിയും മമ്മിയും വീണ്ടും അവര്‍ക്കു ജനിച്ച ഒരു കുഞ്ഞുകുട്ടിയെപ്പോലെ ബ്രിട്ടോയെ പരിചരിച്ചു. ബ്രിട്ടോയുടെ സഹോദരങ്ങള്‍ അവരുടെ കുടുംബാംഗങ്ങള്‍, പാര്‍ട്ടി സഖാക്കള്‍ എല്ലാവരും ബ്രിട്ടോയുടെ ചുറ്റും വലിയൊരു കൂടു തീര്‍ത്തു. ആ കൂട്ടിനുള്ളിലാണ് ബ്രിട്ടോ പിന്നീട് എല്ലാ വേദനകളും കടിച്ചമര്‍ത്തിക്കൊണ്ട് ജീവിച്ചത്.
പക്ഷേ പത്തുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം പ്രണയിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ ഒരു മഹാസംഭവം. ഇന്ന് ബ്രിട്ടോയുടെ ഭാര്യയായിട്ടുള്ള സീനയെ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ഈ കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും വൃന്ദങ്ങളില്‍ പലരും അകന്നുപോകുന്നതുകണ്ടയാളാണ് ഞാന്‍. ഇതിനിടയില്‍ ഞാന്‍ സി.എം.പിയെന്ന പാര്‍ട്ടി രൂപീകരിക്കുന്നതിനുവേണ്ടി സി.പി.ഐ.എമ്മില്‍ നിന്നും ഇറങ്ങിപ്പോന്നു കഴിഞ്ഞിരുന്നു. അത് 86-ലാണ്. ബ്രിട്ടോയ്ക്ക് കുത്തുകൊണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒരിക്കലും ബ്രിട്ടോയെന്നോട് മോശമായി പെരുമാറിയില്ല എന്നുമാത്രമല്ല എന്റെ സാന്നിധ്യം അനിവാര്യമാണെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു.

സൈമണ്‍ ബ്രിട്ടോയും ഭാര്യ സീന ഭാസ്‌കറും
വിവാഹം വന്നപ്പോള്‍ സഹായത്തിന് അധികം പേരുണ്ടായില്ല. ഒടുവില്‍ എന്റെ വീട്ടിലാണ് ബ്രിട്ടോ വിവാഹം കഴിഞ്ഞ് താമസിച്ചത്. എന്റെ ഭാര്യ അരുണയും ഭാര്യാ സഹോദരന്‍ അശോകനും ബ്രിട്ടോയുടെ അടുത്ത ചില സുഹൃത്തുക്കളുമാണ് റജിസ്റ്റര്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ ചെയ്തത്. പ്രമുഖ സി.പി.ഐ.എം നേതാവായിരുന്ന സഖാവ് പിരപ്പന്‍കോട് മുരളിയുടെ സഹോദരീ പുത്രിയാണ് സീന. ആഴ്ചകള്‍ എന്റെ വീട്ടില്‍ താമസിച്ചു. ഭാര്യവീട്ടുകാര്‍ക്കും അവരുമായി ബന്ധപ്പെട്ട പാര്‍ട്ടി വൃന്ദത്തിനും വിവാഹം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനിടയില്‍ ബ്രിട്ടോയ്ക്ക് പാര്‍ട്ടിയോട് പിണക്കം തോന്നിയിട്ടുണ്ടായിരുന്നു. പക്ഷേ ഞാന്‍ ബ്രിട്ടോയോട് പറഞ്ഞു, “ബ്രിട്ടോ നീ സി.പി.എമ്മുമായി ഈ കാര്യത്തില്‍ പിണങ്ങരുത്. കാരണം നിന്നെ സംരക്ഷിച്ചത്, നിന്റെ അച്ഛനെ എം.എല്‍.എയായി നോമിനേറ്റ് ചെയ്തത് എല്ലാം സി.പി.എമ്മാണ്.”
വിവാഹത്തിന്റെ പേരില്‍ പാര്‍ട്ടിയുമായി ബന്ധം പിളര്‍ത്തരുത് എന്ന് നിര്‍ബന്ധമായും ഞാന്‍ ബ്രിട്ടോയോട് പറഞ്ഞു. എ.കെ.ജി സെന്ററില്‍ ഞാന്‍ തന്നെയാണ് എം.എം ലോറന്‍സിനെ വിളിച്ച് ബ്രിട്ടോ ഇവിടെയുണ്ട് എന്ന് അറിയിച്ചത്. അതിനുശേഷം പി. ഗോവിന്ദപിള്ളയും തോമസ് ഐസക്കും ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനും സി.പി നാരായണനും എന്റെ വീട്ടില്‍ വന്നു. ബ്രിട്ടോയുമായി സംസാരിച്ചു. പാര്‍ട്ടിയുമായി നല്ലരീതിയില്‍ പോകണമെന്ന തീരുമാനം ബ്രിട്ടോ എടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടോ സി.പി.ഐ.എമ്മി.ന്റെ നോമിനേറ്റഡ് എം.എല്‍.എയായി.
സ്വന്തം ശരീരവുമായി സദാ മല്ലടിച്ചു കൊണ്ടിരുന്ന ബ്രിട്ടോ കുടുംബ ജീവിതത്തെക്കൂടി എങ്ങനെ ചേര്‍ത്തു നിര്‍ത്തുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ആ ദാമ്പത്യം മാതൃകാപരമായി വളര്‍ന്നു. അവര്‍ക്കൊരു കുഞ്ഞുണ്ടായി, അവളുടെ പേരാണ് നിലാവ്. ചെറിയ കുട്ടിയാണെങ്കിലും കാര്യങ്ങള്‍ മനസിലാക്കുന്ന കുഞ്ഞായി നിലാവ് വളര്‍ന്നു കഴിഞ്ഞു. ആ കുടുംബ ജീവിതം എന്നും സുരഭിലമായിരുന്നു എന്നോര്‍ക്കുമ്പോള്‍ അതിനു മുന്‍കൈയെടുത്ത എനിക്ക് അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.

സൈമണ്‍ ബ്രിട്ടോ, സീന ഭാസ്‌കര്‍,നിലാവ്
അതിനുശേഷവും ബ്രിട്ടോ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയെന്നതിന് ഉപരി ഇടതുപക്ഷ ആശയത്തിന്റെ വലിയ പ്രചാരകനായി കേരളം മുഴുവന്‍ ചുറ്റി, ഇന്ത്യ മുഴുവന്‍ ചുറ്റി. ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെ തന്റെ പ്രസ്ഥാനത്തെ തള്ളിപ്പറയാതെ മുന്നോട്ടുപോകാന്‍ കഴിയും എന്നതിന്റെ ഉദാഹരണം മാത്രമായിരുന്നില്ല ബ്രിട്ടോ. നിരാലംബനെന്ന് സമൂഹം മുദ്രകുത്തുന്ന ഒരു മനുഷ്യന് എങ്ങനെ മറ്റുള്ളവരെ ഉത്തേജിപ്പിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണവുമായി ബ്രിട്ടോ മാറുകയായിരുന്നു. ശാരീരികമായ ദൗര്‍ബല്യങ്ങളെ മാനസികമായ കരുത്തുകൊണ്ട് മറികടക്കാനാകുമെന്നും, മുന്നോട്ടുനയിക്കാന്‍ കഴിയുമെന്നുമുള്ള ആശയത്തിന്റെ ഉദാഹരണമായിരുന്നു സൈമണ്‍ ബ്രിട്ടോ.
അദ്ദേഹത്തിന് നിരവധി പ്രതിസന്ധികളും പ്രയാസങ്ങളുമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തുതന്നെ ധാരാളം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ പറയാനായി ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഈ സന്ദര്‍ഭത്തില്‍ എ.പി വര്‍ക്കിയെന്ന സി.പി.ഐ.എമ്മിന്റെ പഴയ ജില്ലാ സെക്രട്ടറിയെ പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതുപോലെ തന്നെ മെഡിക്കല്‍ ട്രസ്റ്റിന്റെ ഉടമസ്ഥനായിരുന്ന ഡോ. പുളിക്കനേയും. എ.പി വര്‍ക്കി പുളിക്കനോടു പറഞ്ഞത് എത്രപണം ചിലവായാലും ബ്രിട്ടോയുടെ ജീവന്‍ തിരിച്ചുവേണം എന്നാണ്. ആ തരത്തില്‍ സി.പി.ഐ.എം തീര്‍ച്ചയായും ബ്രിട്ടോയെ വലിയ തരത്തില്‍ സഹായിച്ചിട്ടുണ്ട്. ബ്രിട്ടോ അതിലധികം ആ പ്രസ്ഥാനത്തിന് തിരിച്ചും നല്‍കിയിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്കത്തെ സംഘര്‍ഷങ്ങള്‍, പാര്‍ട്ടികത്തെ ബുദ്ധിമുട്ടുകള്‍ എല്ലാം ബ്രിട്ടോയെ വല്ലാതെ പീഡിപ്പിച്ചിരുന്നുവെന്ന് എനിക്ക് നേരിട്ട് അറിയാം.
കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷമായി എല്ലാ ക്രിസ്തുമസിനും ബ്രിട്ടോ മുറിച്ചിരുന്നത് ഞാന്‍ കൊടുത്തയച്ച കേക്കായിരുന്നു. ഈ വര്‍ഷവും അതിന് മാറ്റമുണ്ടായില്ല. 24ന് എന്റെ സുഹൃത്ത് കേക്കുമായി എത്തിയപ്പോള്‍ ബ്രിട്ടോയുടെ കുടുംബം ആ കേക്ക് കാത്തിരിക്കുകയായിരുന്നു. സീനയും മകളും ക്രിസ്മസിന് തീവണ്ടിയില്‍ ബീഹാറിലേക്ക് യാത്ര തിരിച്ചപ്പോള്‍ ഈ കേക്ക് കൂടി കൊണ്ടുപൊയ്‌ക്കൊള്ളാന്‍ ബ്രിട്ടോ പറഞ്ഞു. യാത്രയ്ക്കിടയില്‍ അതവരുടെ ക്രിസ്മസ് കേക്കായി. ഇന്നലെ ഞാന്‍ സീനയെ വിളിച്ചപ്പോള്‍ സീന കരഞ്ഞുകൊണ്ട് പറഞ്ഞു, “എനിക്ക് ആ കേക്കിലെ ഒരു കഷണം ബ്രിട്ടോയ്ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല” എന്ന്. എന്റെ സഖാവിനു വേണ്ടി ജീവിതം എല്ലാ അര്‍ത്ഥത്തിലും ഉപാധികളില്ലാതെ സമ്പൂര്‍ണമായി സമര്‍പ്പിച്ച കേരള ചരിത്രത്തിലെ അപൂര്‍വ്വ വ്യക്തിത്വമാണ് സീന.
ബ്രിട്ടോ ജീവിച്ചിരുന്ന ഇതിഹാസമാണ്. ധീരതയുടെ പര്യായപദമാണ്. ബ്രിട്ടോയ്ക്കും ബ്രിട്ടോയുടെ സഹധര്‍മ്മിണിയായ സീനയ്ക്കും മകള്‍ നിലാവിനും ഉണ്ടായ നഷ്ടം വളരെ വലുതാണ്. ബ്രിട്ടോയുടെ മമ്മി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഡാഡി അടുത്തകാലത്ത് മരിച്ചുപോയി. മറ്റു പലരുടെയും പേരു പറയുന്നില്ലെങ്കിലും, എന്റെ തലമുറയില്‍ സുരേഷ് കുറുപ്പ്, പിന്നീട് ജഡ്ജായി മാറിയ വി.കെ മോഹനന്‍, എം.എം ലോറന്‍സ്, എം.എ ബേബി, തോമസ് ഐസക്ക്, പി.ആര്‍ രഘു, പി.കെ.ഹരികുമാര്‍, വിന്‍സെന്റ് അങ്ങനെ വലിയൊരു സൗഹൃദവൃന്ദം എന്നും ബ്രിട്ടോയുടെ പ്രതിസന്ധികളില്‍ അവനോടൊപ്പം ഉണ്ടായിരുന്നു.
ബ്രിട്ടോയുടെ എല്ലാ നൊമ്പരങ്ങളും ആത്മസംഘര്‍ഷങ്ങളും പാര്‍ട്ടിയുമായും വ്യക്തിപരമായുമുള്ള എല്ലാ പ്രശ്നങ്ങളും എന്നോട് തുറന്നുപറയുമായിരുന്നു. അതൊന്നും തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്തായാലും ബ്രിട്ടോ നമ്മളോടൊപ്പമില്ല. ഈ പുതുവത്സരത്തില്‍ ബ്രിട്ടോ നമ്മോട് കൈവീശി കാണിച്ച് മടങ്ങിപ്പോയിരിക്കുന്നു. അദ്ദേഹം മരണത്തിലേക്ക് നടന്നുനീങ്ങിയിരിക്കുന്നു.
ബ്രിട്ടോ ഇന്ന് നമുക്കൊപ്പമില്ല. ഈ വര്‍ഷം ക്രിസ്മസ് ആശംസിക്കാന്‍ വിളിച്ചപ്പോള്‍ ബ്രിട്ടോ എന്നോട് ദീര്‍ഘമായി സംസാരിച്ചു” ബ്രിട്ടോ അവസാനിപ്പിച്ച വാക്ക് എന്നെ അന്നുമുതല്‍ വേട്ടയാടാന്‍ തുടങ്ങിയിരുന്നു. “ജോണേ ആഫ്റ്റര്‍ ഓള്‍ വാട്ടീസ് ലൈഫ്” എന്ന ബ്രിട്ടോയുടെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നു.
മരണം ആര്‍ക്കാണ് എപ്പോഴാണ് ആദ്യമെത്തുക എന്ന് പറയാനാവില്ലല്ലോ. ഞാനടക്കം ഞങ്ങളില്‍ പലരും ഞങ്ങളുടെ മക്കളോട് പറഞ്ഞ് വെച്ചിരുന്നു, ഞങ്ങളാണ് ആദ്യം മരിക്കുകയെങ്കില്‍ ബ്രിട്ടോ മാമനെ നിങ്ങള്‍ക്കാവും വിധം കരുതണം എന്ന്. പക്ഷേ അവനാദ്യം കടന്നു പോയിരിക്കുന്നു.