ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരായി മമതാ ബാനര്‍ജി കൊണ്ടുവരുന്ന അവിശ്വാസപ്രമേയകാര്യത്തില്‍ ഗുരുദാസ് ദാസ്ഗുപ്തയുടെ നിലപാട് സി.പി.ഐ തള്ളി. പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി പറഞ്ഞു.[]
യു.പി.എ സര്‍ക്കാരിനെ വീഴ്ത്താനുള്ള ഒരവസരവും പാഴാക്കില്ലെന്നും അവിശ്വാസപ്രമേയം ഏത് പാര്‍ട്ടി കൊണ്ടുവന്നാലും പിന്തുണയ്ക്കുമെന്നുമായിരുന്നു ഗുപ്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഗുപ്തയുടെ നിലപാട് സി.പി.ഐ തള്ളുന്നത്.
നേരത്തെ ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം സംബന്ധിച്ച വോട്ടിങില്‍ ചര്‍ച്ച നടത്തണമെന്ന് ഇടത് പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയതിന് വ്യത്യസ്തമായി ഹ്രസ്വ ചര്‍ച്ച നടത്തണമെന്നായിരുന്നു ഗുപ്തയുടെ നിര്‍ദേശം.
തങ്ങളുടെ പിന്തുണ കൊണ്ടുമാത്രം പ്രമേയം പാര്‍ലമെന്റില്‍ പാസാകാന്‍ മതിയാകില്ല എന്നും ഗുരുദാസ് ദാസ്ഗുപ്ത മമതയോട് നേരത്തെപറഞ്ഞിരുന്നു. നേരത്തെയുള്ള ഒരു തിരഞ്ഞടുപ്പിന് തങ്ങളുടെ പാര്‍ട്ടി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സി.പി.ഐ.എം അവിശ്വാസ പ്രമേയത്തെ അനുകൂലിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിലാണ് മമതാ ബാനര്‍ജി അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനായി ഇടത് പാര്‍ട്ടികളുടേയും ബി.ജെ.പിയുടേയും സഹായം മമത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വരുന്ന വ്യാഴാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നത്. അടുത്ത മൂന്ന് ദിവസങ്ങളില്‍ സജീവ രാഷ്ട്രീയ മാറ്റങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുമെന്ന് ചിലര്‍ കണക്ക് കൂട്ടുന്നു.
മമത ബാനര്‍ജിയുടെ അവിശ്വാസ പ്രമേയത്തില്‍ വളരെ സൂക്ഷ്മതയോടെ മാത്രമേ ബി.ജെ.പി തീരുമാനമെടുക്കുകയുള്ളൂവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് മുരളിമനോഹര്‍ ജോഷി പറഞ്ഞു.
ശീതകാലസമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് നടത്തിയ വിരുന്നുസല്‍ക്കാരം സര്‍ക്കാറിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു. മുലായം സിങ് യാദവും മായാവതിയും സല്‍ക്കാരത്തില്‍ പങ്കെടുത്തു.
സമാജ് വാദി പാര്‍ട്ടിയുടെ 22 എം.പിമാരും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ 21 എം.പിമാരും അടക്കം 545 ലോക്‌സഭാ സീറ്റില്‍ 300 എം.പിമാരുടെ പിന്തുണ ഇപ്പോള്‍ യു.പി.എ സര്‍ക്കാറിനുണ്ട്. വെള്ളിയാഴ്ച നടന്ന വിരുന്നില്‍ ഡി.എം.കെയുടെ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.