Kerala News
'അന്വേഷണത്തില്‍ ബി.ജെ.പി ഇടപെടല്‍, പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനം'; വി. മുരളീധരനെതിരെ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 18, 10:42 am
Sunday, 18th October 2020, 4:12 pm

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ സി.പി.ഐ.എം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയുടെ മൊഴി വാര്‍ത്താസമ്മേളനത്തില്‍ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടിറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

അന്വേഷണ ഘട്ടത്തില്‍ മൊഴികള്‍ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ശേഷവും മൊഴിയെ ആധാരമാക്കി പത്ര സമ്മേളനം നടത്തിയ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നുമാണ് സി.പി.ഐ.എം പത്രക്കുറിപ്പില്‍ പറഞ്ഞത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ ബി.ജെ.പി ഇടപെടുന്നതിന്റെ തെളിവാണ് മുരളീധരന്‍ ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.ഐ.എം പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി മുരളീധരന്റെ ഭാഗത്ത് നിന്ന് അധികാര ദുര്‍വിനിയോഗം ഉണ്ടാകുന്നുവെന്നും സി.പി.ഐ.എം ആരോപിക്കുന്നു.

പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നതെന്നും ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്ത് വിടുന്നത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും സി.പി.ഐ.എം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: C.P.I.M State Committee against V Muraleedharan