ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.ഐ.എമ്മിന്റെ പ്രകടന പത്രിക. 12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.ഐ.എം പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും, തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും, ഡീസല്‍-പെട്രോള്‍ വില കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താനും പാര്‍ലമെന്റില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും കേന്ദ്രത്തില്‍ ബദല്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും സി.പി.ഐ.എം വോട്ടര്‍മാരോട് അഭ്യര്‍ത്ഥന നടത്തി.
രാജ്യത്തിന്റെ സുരക്ഷയുടെ എല്ലാ വശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും സി.പി.ഐ.എം പ്രകടന പത്രികയില്‍ പറയുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം സൃഷ്ടിച്ച അസ്തിത്വ പ്രതിസന്ധിയെ മതേതര, ജനാധിപത്യ, റിപ്പബ്ലിക് ഓഫ് ഇന്ത്യ അഭിമുഖീകരിക്കുന്ന സമയത്താണെന്നും സി.പി.ഐ.എം ചൂണ്ടിക്കാട്ടി.
സി.പി.ഐ.എം പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍:
പൗരത്വ ഭേദഗതി നിയമം റദ്ദാക്കും
ജാതി സെന്‍സസ് നടപ്പിലാക്കും
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കും
യു.എ.പി.എ, പി.എം.എല്‍.എ എന്നിവ റദ്ദാക്കും
ആദിവാസികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തും
സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തല്‍
സ്ത്രീകളുടെ നീതി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി നടപ്പിലാക്കും
പൗരന്മാര്‍ക്ക് നേരെയുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും
ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കും
കേന്ദ്ര നികുതിയുടെ 59 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും
ഇതിനുപുറമെ തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എന്‍.ആര്‍.ഇ.ജിഎയ്ക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കുമെന്നും നഗരങ്ങളില്‍ തൊഴില്‍ ഉറപ്പുനല്‍കുന്ന പുതിയ നിയമം നിര്‍മാണം നടത്തുമെന്നും സി.പി.ഐ.എം പറഞ്ഞു. അതിസമ്പന്നര്‍ക്ക് നികുതി ചുമത്തുമെന്നും പൊതു സ്വത്ത് നികുതിയിലും അനന്തരാവകാശ നികുതിയിലും നിയമം കൊണ്ടുവരുമെന്നും സി.പി.ഐ.എം വാഗ്ദാനം ചെയ്തു.
പൊതുമേഖലയുടെ സ്വകാര്യവത്ക്കരണം പരിശോധിക്കുമെന്നും സി.പി.ഐ.എം വാഗ്ദാനം നല്‍കുന്നുണ്ട്. ജോലി ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കാന്‍ ശ്രമിക്കുമെന്നും പ്രകടന പത്രികയില്‍ ഊന്നിപ്പപറയുന്നു. വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതത്തില്‍ ജി.ഡി.പിയുടെ ആറ് ശതമാനമെങ്കിലും വര്‍ധിപ്പിക്കുമെന്നും സി.പി.ഐ.എം വ്യക്തമാക്കുന്നു.
സി.പി.ഐ.എമ്മിന്റെ പ്രകടന പത്രിക നരേന്ദ്ര മോദി സര്‍ക്കാരിനും ബി.ജെ.പക്കുമുള്ള ഒരു താക്കീത് കൂടിയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാ സഖ്യം ഭരണത്തിലെത്തിയാല്‍, രാജ്യത്ത് നടപ്പിലാക്കുന്നതിനായി സി.പി.ഐ.എം നിര്‍ദേശിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങള്‍ കൂടിയാണിവ. ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4 ന് ഫലം പ്രഖ്യാപിക്കും.
Content Highlight: C.P.I.M. released manifesto for loksabha election 2024