സി.പി.ഐ എം.എല്‍.എമാര്‍ക്ക് കൃഷിമന്ത്രിയുടെ ടി.വി വേണ്ട
Kerala
സി.പി.ഐ എം.എല്‍.എമാര്‍ക്ക് കൃഷിമന്ത്രിയുടെ ടി.വി വേണ്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2013, 2:30 pm

തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി.മോഹനന്‍ നല്‍കിയ എല്‍.സി.ഡി ടി.വി സി.പി.ഐ എം.എല്‍.എമാര്‍ വാങ്ങി ഉപയോഗിക്കരുതെന്ന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശം.

ഇതേത്തുടര്‍ന്ന് ഓരോ എം.എല്‍.എ മാരും ടിവി തങ്ങളുടെ മണ്ഡലത്തിലെ പൊതുസ്ഥാപനങ്ങള്‍ക്കു നല്‍കും. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. []

പാര്‍ട്ടി എം.എല്‍.എമാര്‍ മന്ത്രിമാര്‍ നല്‍കുന്ന സമ്മാനങ്ങള്‍ വാങ്ങിക്കരുതെന്നും സി.പി.ഐ നേതൃയോഗം നിര്‍ദേശിച്ചു.

സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും എല്‍.സി.ഡി ടെലിവിഷന്‍ നല്‍കിയ കൃഷി വകുപ്പിന്റെ നീക്കം വിവാദമായിരുന്നു.

സഭാസമ്മേളനം അവസാനിക്കുന്നതിനു മുമ്പ് എം എല്‍ എ ഹോസ്റ്റലിലെത്തിയാണ് എല്‍.സി.ഡികള്‍ നല്‍കിയത്.

കടുത്ത വരള്‍ച്ച നേരിടാന്‍ സഹായിക്കുന്നതിനു പകരം 20 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് എംഎല്‍മാര്‍ക്ക് എല്‍.സി.ഡി നല്‍കിയത് ഏറെ വിവാദമായിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മാനം മടക്കി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സി.പി.ഐ തീരുമാനം.

അതേസമയം ഇത്തരം സമ്മാനവിതരണങ്ങള്‍ പതിവാണെന്നും വരള്‍ച്ചാ ദുരിതാശ്വാസവുമായി അതിനെ ബന്ധപ്പെടുത്തേണ്ടെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

22 ഇഞ്ച് സോണി എല്‍.സി.ഡി ടിവിയാണ് പ്രതിപക്ഷ എം.എല്‍.മാര്‍ക്ക് ഉള്‍പ്പെടെ സമ്മാനിച്ചത്. ഇരുപത് ലക്ഷത്തിലേറെ ഇതിനായി കൃഷി വകുപ്പ് മുടക്കി.

പുറത്തിറക്കിയ ഉല്‍പന്നമായ നീരയുടെ വിജയം ആഘോഷിക്കാനാണ് സമ്മാനം നല്‍കിയതെന്ന് കൃഷിവകുപ്പ് പ്രതികരിച്ചു.

കൃഷി വകുപ്പിന്റെ കീഴിലുള്ള ബോര്‍ഡുകളാണ് ഇതിനായുള്ള ധനസമാഹരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

16,000 രൂപ വിലയുള്ള ടി.വി പക്ഷേ, 12000 രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ വരള്‍ച്ചാ ദുരിതാശ്വാസവുമായി ഇതിനെ ബന്ധപ്പെടുത്തേണ്ട എന്നാണ് കൃഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.