| Monday, 13th March 2023, 10:46 pm

ഏത് ലക്ഷണമൊത്ത നടനെയും കോമാളിയാക്കാന്‍ ആര്‍.എസ്.എസിന് കഴിയും; സുരേഷ് ഗോപിയെ ട്രോളി എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തൃശൂരില്‍ നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തിനിടെ ബി.ജെ.പി നേതാവ് സുരേഷ് ഗോപി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മുന്‍ സി.പി.ഐ.എം നേതാവ് എം സ്വരാജ്. എത്ര മികച്ച നടനെയും കോമാളിയാക്കാന്‍ ആര്‍.എസ്.എസിന് കഴിയുമെന്നതിന്റെ തെളിവാണ് സുരേഷ് ഗോപിയെന്നാണ് അദ്ദേഹം പറഞ്ഞത്.

പണ്ടൊക്കെ സുരേഷ് ഗോപിയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ക്ക് ബഹുമാനമായിരുന്നെന്നും എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ പേര് പറയുമ്പോള്‍ തന്നെ ചിരി വരുമെന്നും സ്വരാജ് പറഞ്ഞു. എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഏത് മികച്ച നടനെയും ലക്ഷണമൊത്ത കോമാളിയാക്കി മാറ്റാന്‍ ആര്‍.എസ്.എസ് വിചാരിച്ചാല്‍ നടക്കും. അതിന്റെ തെളിവാണ് സുരേഷ് ഗോപി. പണ്ടൊക്കെ സുരേഷ് ഗോപിയെന്ന് പറഞ്ഞാല്‍ ആരും ചിരിക്കില്ലായിരുന്നു, ഇന്നതല്ല സ്ഥിതി. ആദ്യമൊക്കെ അദ്ദേഹത്തിന്റെ പേര് പറഞ്ഞാല്‍ ഒരു മികച്ച നടനോടുള്ള ബഹുമാനമാണ് ആളുകളുടെ മുഖത്തുണ്ടാവുക. എന്നാലിന്ന് പേര് കേട്ടാല്‍ ആളുകള്‍ ചരിക്കാന്‍ തുടങ്ങും.

അഞ്ച് കൊല്ലം മുമ്പ് അയാള്‍ പറഞ്ഞു തൃശൂര്‍ എടുക്കുമെന്ന്. ഇപ്പോള്‍ പറയുന്നു തൃശൂര്‍ മാത്രമല്ല കണ്ണൂരുമെടുക്കുമെന്ന്. സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി പറയേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല. കാരണം ആര്‍.എസ്.എസ് ഒരു കാര്യം പറഞ്ഞാല്‍ അതിന്റെ പരിണിതി എന്താണെന്നും ഞങ്ങളാണ് പറയുന്നതെങ്കില്‍ അതിന്റെ ഫലം എന്തായിരിക്കുമെന്നും നമുക്ക് വ്യക്തമായറിയാമല്ലോ,’ സ്വരാജ് പറഞ്ഞു.

ഇതിന് മുമ്പും കേരളത്തില്‍ അധികാരം പിടിക്കുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നെന്നും എന്നാല്‍ അവരുടെ ആകെയുള്ള സീറ്റ് കൂടി ഞങ്ങള്‍ പൂട്ടിച്ചെന്നും സ്വരാജ്  കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ ബി.ജെ.പിക്ക് 35സീറ്റ് കിട്ടുമെന്നും ഇവിടെ ഭരണം പിടിക്കുമെന്നുമൊക്കെ ഇവര്‍ പറഞ്ഞത് നമ്മള്‍ കേട്ടതല്ലെ, എന്നിട്ട് എന്തുണ്ടായി. അതിന് കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞ മറുപടിയും നാം കേട്ടതാണ്. ബി.ജെ.പിക്ക് കിട്ടിയ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു അത് പൂട്ടിച്ചു.

ഇപ്പോള്‍ സുരേഷ് ഗോപി പറയുന്നു കണ്ണൂരും തൃശൂരും മത്സരിക്കുമെന്ന്. പണ്ട് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റും രണ്ടിടത്ത് മത്സരിച്ചിരുന്നു. പിന്നീട് കേട്ടത് രണ്ടിടത്തുമായി കോടിക്കണക്കിന് രൂപ ഹെലികോപ്ടറില്‍ ഇറക്കി കൊടുത്തെന്നാണ്. സുരേഷ് ഗോപിക്കും അങ്ങനെ വല്ല ഉദ്ദേശവും കാണുമായിരിക്കും,’ അദ്ദേഹം പറഞ്ഞു.

കൂടാതെ കേരളത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം വളരില്ലെന്നും ആര്‍.എസ്.എസുകാര്‍ക്ക് ചുവടുറപ്പിക്കാന്‍ പോലും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതാവ് അമിത് ഷാ പങ്കെടുത്ത റാലിക്കിടെയാണ് നടനും മുന്‍ രാജ്യസഭാംഗവുമായിരുന്ന സുരേഷ് ഗോപി നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വരുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിന് പുറമെ കണ്ണൂരും മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. പ്രസംഗത്തിലുടനീളം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും സുരേഷ് ഗോപി നടത്തിയിരുന്നു.

Content Highlight: C.P.I.M leader M. Swaraj trolls suresh gopi

We use cookies to give you the best possible experience. Learn more