| Saturday, 21st September 2024, 12:31 pm

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്(95) അന്തരിച്ചു. മുന്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറിയും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം.

സി.പി.ഐയുടെ ആദ്യകാല നേതാക്കളിലൊരാളായ ലോറന്‍സ് സി.പി.ഐ പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുകയായിരുന്നു.

പിന്നീട് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം, എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു.

ഇടപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ 22 മാസത്തോളം തടവില്‍കഴിഞ്ഞ ലോറന്‍സ് അടിയന്തരാവസ്ഥകാലത്തും ജയില്‍വാസം അനുഭവിച്ചിരുന്നു.

1929 ജൂണ്‍ 15ന് എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി ജനിച്ച എം.എം ലോറന്‍സിന്റെ മുഴുവന്‍ പേര് മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നാണ്. അന്നത്തെക്കാലത്ത് സ്വാതന്ത്ര സമരത്തില്‍ ആകൃഷ്ടനായി ത്രിവര്‍ണ പതാക പോക്കറ്റില്‍ കുത്തി സ്‌കൂളില്‍ പോയിരുന്ന ലോറന്‍സിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ചരിത്രവുമുണ്ട്.

1946ല്‍ തന്റെ പതിനേഴാം വയസ്സിലാണ് ലോറന്‍സ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവുന്നത്. തുടര്‍ന്ന് തോട്ടി തൊഴിലാളികളെയും തുറമുഖ നേതാക്കളെയും സംഘടിപ്പിച്ച് എറണാകുളത്ത് തൊഴിലാളി പ്രസ്ഥാനം രൂപീകരിക്കുന്നതിലും ലോറന്‍സ് സുപ്രധാന പങ്ക് വഹിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രധാന വിമര്‍ശകനായി കണക്കാക്കിയിരുന്ന ലോറന്‍സ് എറണാകുളം ജില്ലയിലെ സി.പി.ഐ.എമ്മിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. 11 വര്‍ഷത്തോളം കാലം ആ സ്ഥാനത്തിരുന്ന ലോറന്‍സ് 1964-98 വരെ സി.പി.ഐ.എം സംസ്ഥാന സമിതി അംഗവും 1978-98വരെ സംസ്ഥാന സെക്രട്ടറി അംഗവും 1886-98 വരെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.

‘ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍’ ആത്മകഥയാണ്. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍: അഡ്വ.എം.എല്‍.സജീവന്‍, സുജാത, അഡ്വ.എം.എല്‍. അബി, ആശ ലോറന്‍സ്.

Content Highlight: C.P.I(M) leader M.M. Lawrence died

We use cookies to give you the best possible experience. Learn more