| Saturday, 20th July 2024, 8:33 am

ഫലസ്‌തീൻ പതാക വീശിയവർക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മുഹറം ഘോഷയാത്രകളിൽ ഫലസ്‌തീൻ പതാക വീശിയവർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ. അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌ത എല്ലാവരേയും മോചിപ്പിക്കാനും പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.

ജമ്മു കശ്‌മീർ, ബീഹാർ, മധ്യപ്രദേശ്‌, ജാർഖണ്ഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുഹറം ഘോഷയാത്രകൾക്കിടയിൽ ഫലസ്‌തീന്‌ ഐക്യദാർഢ്യമായി പതാകകൾ വീശിയവർക്ക്‌ എതിരെ കേസെടുത്തിരുന്നു. നിരവധി ആളുകളെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. ബി.ജെ.പി, വി.എച്ച്‌.പി നേതാക്കളുടെ പരാതികളിൽ യു.എ.പി.എയിലെയും ഭാരതീയ ന്യായസംഹിതയിലെയും (ബി.എൻ.എസ്‌) വകുപ്പുകൾ ചുമത്തിയാണ്‌ കേസുകളെടുത്തിട്ടുള്ളത്‌.

ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ്‌ കൂടുതലായും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഫലസ്‌തീൻ രാഷ്ട്രത്തെ പിന്തുണയ്‌ക്കുന്നതായി ബി.ജെ.പി സർക്കാർ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികൾ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നുണ്ടെന്നും പോളിറ്റ്ബ്യുറോ പറഞ്ഞു.

ഫലസ്‌തീന്‌ ഐക്യദാർഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകൾ ഉടൻ റദ്ദാക്കണം, അറസ്‌റ്റ്‌ ചെയ്യുകയോ കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌ത എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസർക്കാർ ഫലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കണം.

അധിനിവേശ മേഖലകളിൽ നിന്നും എത്രയും വേഗം പിൻമാറാനും കിഴക്കൻ ജെറുസലേം തലസ്ഥാനമാക്കി ഫലസ്‌തീന്‌ രാഷ്ട്രപദവി പുനഃസ്ഥാപിക്കാനും ഇസ്രഈലിനോട് ആവശ്യപ്പെടണമെന്നും സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

Content Highlight: C.P.I.M declares solidarity with palastine

We use cookies to give you the best possible experience. Learn more