Advertisement
Kerala News
ശശി പെരുമാറിയത് ദുരുദ്ദേശ്യത്തോടെയല്ല; പി.കെ ശശിയെ വെള്ളപൂശി സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 15, 06:33 am
Saturday, 15th December 2018, 12:03 pm

തിരുവനന്തപുരം: പി.കെ ശശിയ്‌ക്കെതിരായ ലൈംഗികപീഡനാരോപണത്തില്‍ സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ശശിയെ പൂര്‍ണ്ണമായി വെള്ളപൂശുന്നതാണ് റിപ്പോര്‍ട്ട്. മാതൃഭൂമി ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തിവിട്ടത്.

പരാതിക്കാരിയായ യുവതിക്ക് എതിരായ പരാമര്‍ശമാണ് റിപ്പോര്‍ട്ടില്‍ കൂടുതലുള്ളത്. ശശി യുവതിയോട് പെരുമാറിയതൊന്നും ദുരുദ്ദ്യേശത്തോടെയല്ല. യുവതിയെ നിര്‍ബന്ധമായി 5000 രൂപ എല്‍പ്പിച്ചത് വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഏരിയാകമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് കരുതാനാവില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി.

ALSO READ: വിശാല ഐക്യത്തിന് വീണ്ടും കളമൊരുങ്ങുന്നു; കമല്‍നാഥിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പിണറായിയും അഖിലേഷ് യാദവും

പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല, യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല തുടങ്ങിയ വാദങ്ങളും യുവതിയുടെ പരാതിയെ ഖണ്ഡിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ശശിയ്‌ക്കെതിരെ മൂന്ന് കാര്യങ്ങളാണ് യുവതി പ്രധാനമായും ഉന്നയിച്ചത്.

-സി.പി.ഐ.എം ജില്ലാസമ്മേളന സമയത്ത് യുവതിയെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി. അതിന് മുമ്പ് 5000 രൂപ കൈയില്‍ നിര്‍ബന്ധമായി ഏല്‍പ്പിച്ചു.

-ഇതിന് തൊട്ടടുത്ത ദിവസം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മോശമായി സംസാരിച്ചു.

-പിന്നീട് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചില്ലെങ്കിലും ശശി പലതവണ ഫോണിന്‍ വിളിച്ച് വരാന്‍ പറയുകയും അസ്വാഭാവികമായി സംസാരിക്കുകയും ചെയ്തു.

ALSO READ: സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ; ചടങ്ങിനെത്തിയത് സര്‍ക്കാര്‍ പ്രതിധിനിയായെന്ന് വിശദീകരണം

പരാതിയ്ക്ക് മറുപടിയായി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍

-മണ്ണാര്‍ക്കാട് വെച്ചു ചേര്‍ന്ന പാലക്കാട് ജില്ലാ സമ്മേളനത്തിന് തൊട്ടുമുന്‍പുള്ള ദിവസമാണ് സംഭവം നടന്നതെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തിയതി മൊഴിയിലോ പരാതിയിലോ പറയുന്നില്ല.

-സമ്മേളനവേദിയിലെ വനിതാ വളണ്ടിയര്‍മാരുടെ ചുമതലയാണ് പരാതിക്കാരിക്കുണ്ടായിരുന്നത്. അതിനാല്‍ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് വിളിപ്പിച്ചതില്‍ അസ്വാഭാവികതയില്ല.

-ഇതിന് ശേഷമുള്ള ഒരു ദിവസം പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഈ സമയം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നിരവധി ആളുകള്‍ ഓഫീസിലുണ്ടായിരുന്നു. ഇത്തരമൊരു കാര്യം നടന്നിരുന്നെങ്കില്‍ ആളുകളുടെ ശ്രദ്ധയില്‍പ്പെടുമായിരുന്നു.

യുവതിയുടെ സംഘടനാഫോറത്തില്‍ ആരോപണമായി പോലും സംഭവം ഇതുവരെ ഉന്നയിച്ചിട്ടില്ലായെന്നും ഇത്തരമൊരു സംഭവം നടന്നുവെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരി ജില്ലാ സമ്മേളനസമയത്ത് സന്തോഷവതിയായി പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

WATCH THIS VIDEO: