ആലപ്പുഴ: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ രംഗത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടിക്ക് കുട്ടനാട് സീറ്റ് നല്‍കിയത് മണ്ടത്തരമായിപ്പോയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.
“കുട്ടനാട്ടില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. മുമ്പ് ജി.സുധാകരന്‍ ഇവിടെ മല്‍സരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലാണ് തോമസ് ചാണ്ടിയിലൂടെ എന്‍.സി.പിക്ക് മണ്ഡലം വിട്ടു നല്‍കിയത്. പാര്‍ട്ടിക്ക് വൈകാരികമായി ഏറെ അടുപ്പമുളള കുട്ടനാട് മണ്ഡലം എന്തു വിലകൊടുത്തും സി.പി.ഐ.എം പിടിച്ചെടുക്കുമെന്നും” സജി ചെറിയാന്‍ പറഞ്ഞു.
കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നായിരുന്നു ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. പക്ഷേ വിവാദത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ആയിരുന്നു സി.പി.ഐ.എം.
അതേസമയം തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ.എമ്മുമായുള്ള ഭിന്നത നാളെ നടക്കുന്ന സി.പി.ഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയ ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.ഇ ഇസ്മായിലിന്റെ പ്രസ്താവനയില്‍ സംസ്ഥാനഘടകം നല്‍കിയ കത്തും നാളെയാണ് ചര്‍ച്ച ചെയ്യുന്നത്.