| Thursday, 26th December 2024, 9:26 pm

ആര്‍.എസ്.എസ് സേവയല്ല, രാഷ്ട്രീയ സര്‍വ നാശക സമിതി; ഓര്‍ഗനൈസറിനെതിരെ സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്‍.എസ്.എസ് മുഖമാസിക ഓര്‍ഗനൈസറിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം. സംഭാലിലെ ക്ഷേത്രം തുറന്ന നടപടി സാംസ്‌കാരിക നീതിയെന്ന ഓര്‍ഗനൈസറിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം വിമര്‍ശനം ഉയര്‍ത്തി.

ആര്‍.എസ്.എസിന്റേത് ഇരട്ടത്താപ്പാണെന്ന് മനസിലായെന്ന് സി.പി.ഐ.എം പറഞ്ഞു. ആര്‍.എസ്.എസ് രാഷ്ട്രീയ സര്‍വ നാശക സമിതിയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

സമൂഹത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസിന്റ പരമ്പരാഗതമായ സ്വഭാവമാണിതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ആര്‍.എസ്.എസ് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ആര്‍.എസ്.എസ് സുപ്രീം കോടതി വിധികളെ അടക്കം ലംഘിക്കുകയാണെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.


അടുത്തിടെ മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശങ്ങളിലൂടെ പുറത്തുവന്നത് ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പാണെന്നും സി.പി.ഐ.എം കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.

സംഭാലിലെ ചരിത്രപരമായ വസ്തുതകള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രാദേശിക ജനതയെ അവരുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനുമുള്ള നടപടിയുടെ ഭാഗമാണ് നിലവില്‍ തുടരുന്ന ഖനനമെന്നാണ് ഓര്‍ഗനൈസര്‍ ലേഖനത്തില്‍ പറയുന്നത്.

ഇതൊരു തുടക്കം മാത്രമാണെന്നും ആര്‍.എസ്.എസ് മുഖമാസിക പറയുന്നുണ്ട്. പ്രാദേശിക വാദികള്‍ സംഭാലിലെ കണ്ടെടുക്കലുകളെ കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിനുമേല്‍ പിന്നീട് നടപടി ഉണ്ടായില്ലെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ അവകാശപ്പെട്ടു.

ഇതിനെതിരെയാണ് സി.പി.ഐ.എം രംഗത്തെത്തിയത്. ഓര്‍ഗനൈസറുടെ പരാമര്‍ശം രാജ്യത്തെ തകര്‍ക്കുന്നതാണെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.

സംഭാലിലുള്ള ശിവ-ഹനുമാന്‍ ക്ഷേത്രത്തിലാണ് സര്‍വേ നടന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംഘം ജില്ലയിലെ ചന്ദൗസി പ്രദേശത്ത് ഒരു പടികിണര്‍ കണ്ടെത്തുകയായിരുന്നു. സംഭാലിലെ കല്‍ക്കി വിഷ്ണു ക്ഷേത്രത്തിലും എസ്.ഐ.ടി സംഘം സര്‍വേ നടത്തിയിരുന്നു.

Content Highlight: C.P.I.M against organiser and rss

We use cookies to give you the best possible experience. Learn more