ടി.പി വധം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.ഐ.എം, രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി
Kerala
ടി.പി വധം: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.ഐ.എം, രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2012, 11:30 am

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.പി. ഷൗക്കത്തലി അടക്കമുള്ള പൊലീസുകാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജന്‍. []

കേസിലെ പ്രതി ടി.കെ. രജീഷിനെ ജയില്‍ മാറ്റുന്നതറിഞ്ഞ് രജീഷിനെ കാണാന്‍ രാവിലെ എം.വി. ജയരാജന്‍, എം.എല്‍.എമാരായ ടി.വി. രാജേഷ്, കെ.കെ. നാരായണന്‍, ജയിംസ് മാത്യു എന്നിവര്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷം പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രജീഷിനെ ക്രൈം ബ്രാഞ്ച് സംഘം മര്‍ദ്ദിച്ചുവെന്ന് നേതാക്കള്‍ ആരോപിച്ചു.

ജയകൃഷ്ണന്‍ വധക്കേസില്‍ സി.പി.ഐ. എം നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എസ്.പി പി.ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചിട്ടുണ്ട്. സി.പി.ഐ.എമ്മിനെ നേരിടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയോഗിച്ച ഉദ്യോഗസ്ഥനെ പോലെയാണ് ഷൗക്കത്തലി പെരുമാറുന്നതെന്നും ഡി.വൈ.എസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

അതേസമയം ടി.കെ രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റി. എം.എല്‍.എ മാരുടെ സന്ദര്‍ശനത്തിന് ശേഷം വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.

നേരത്തെ ടി.പി. വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സബ് ജയിലിലായിരുന്നു രജീഷിനെ പാര്‍പ്പിച്ചിരുന്നത്. പിന്നീട് തലശേരി കോടതിയുടെ നിര്‍ദേശപ്രകാരമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. തലശേരി കോടതിയില്‍ രജീഷിനെതിരേ നിരവധി കേസുകളുണെ്ടന്നു ചൂണ്ടിക്കാട്ടിയായിരുന്നു കണ്ണൂരിലേക്കുള്ള മാറ്റം.

ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ചയും കഴിഞ്ഞ ബുധനാഴ്ചയും രജീഷിനെ മണിക്കൂറുകളോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരായ എ.പി. ഷൗക്കത്തലി. കെ.വി. സന്തോഷ്, സിഐ വിനോദ്, എസ്‌ഐമാരായ മുരളീധരന്‍, സത്യാനന്ദന്‍ എന്നിവരുടെ സംഘമാണു ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലില്‍ ജയകൃഷ്ണന്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളുടെ പേരുകള്‍ രജീഷ് വെളിപ്പെടുത്തിയിരുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.