ഇടുക്കി: സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമിച്ചത് സി.പി.ഐയിലെ ഒരു പ്രമുഖ നേതാവാണെന്ന് ബിജിമോള്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍. പീരുമേട് താലൂക്കില്‍ നിന്നുള്ള നേതാവാണ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നും ബിജിമോള്‍ പറഞ്ഞു. ഇയാളുടെ പേര് പുറത്ത് പറയാനാകില്ലെന്നും ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതായും ബിജിമോള്‍ പറഞ്ഞു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍.
വധഭീഷണിയുളളതിനാല്‍ തെരഞ്ഞെടുപ്പ് സമയത്ത് താനും മക്കളും ഭര്‍ത്താവും ഒരു വാഹനത്തില്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടില്ല. ഭക്ഷണം പോലും സൂക്ഷിച്ചാണ് കഴിച്ചത്. കൂടെയുളള മറ്റാരെങ്കിലും ഭക്ഷണം കഴിച്ചോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് താനും കുടുംബാംഗങ്ങളും ഭക്ഷണം കഴിച്ചിരുന്നത്. മരിച്ചാല്‍ അത് അപകടമരണമാണോ സാധാരണ മരണമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമെ മൃതദേഹം സംസ്‌കരിക്കാവു എന്ന് ഡയറിയില്‍ കുറിച്ചിടുകയും ചെയ്തിരുന്നു.
അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞിരുന്നു. പുറത്തു പോകേണ്ട വേളയില്‍ പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ടവരെ വരെ ഒപ്പം കൂട്ടിയിരുന്നു.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചവരില്‍ പീരുമേട്ടിലെ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ഒരു പാത്രത്തില്‍ കഴിച്ചുകൊണ്ടിരുന്നത്ര സ്വാതന്ത്ര്യമുള്ള ഒരാള്‍ ഏറ്റവും മോശമായ അപവാദ തിരക്കഥ തയാറാക്കി ഒരു മാസികയ്ക്കു നല്‍കി.
അതു പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍ ഡിടിപി എടുത്തു കെട്ടുകെട്ടുകളാക്കി കടകളില്‍ എത്തിച്ചു വിതരണം ചെയ്തു. 4000 ഏക്കര്‍ മാന്തോപ്പിന്റെയും 2000 ഏക്കര്‍ തെങ്ങിന്‍തോപ്പിന്റെയും 3000 ഏക്കര്‍ പൂന്തോപ്പിന്റെയും 240 ഏക്കര്‍ കവുങ്ങിന്‍ തോപ്പിന്റെയും ഉടമയാണ് താനെന്നായിരുന്നു പ്രധാന പ്രചാരണം. അനധികൃതമായി പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും നടന്നു.
തന്നെ വധിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ബിജിമോള്‍ വെളിപ്പെടുത്തിയിരുന്നത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജിമോള്‍ ഇക്കാര്യം പറഞ്ഞിരുന്നത്.
അതേ സമയം ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ ഉന്നയിക്കുന്നതിന് പകരം അഭിമുഖത്തിലൂടെ പറഞ്ഞത് തെറ്റാണെന്നും ബിജിമോള്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് ചര്‍ച്ച ചെയ്യുമെന്നും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.