കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ പുറത്താക്കി സി.പി.ഐ
Kerala News
കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ പുറത്താക്കി സി.പി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 11:12 am

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ പുറത്താക്കി സി.പി.ഐ. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡിനെ തുടര്‍ന്നാണ് നടപടി. 26 മണിക്കൂര്‍ പിന്നിട്ട റെയ്ഡ് നിലവില്‍ ഭാസുരാംഗന്റെ വീട്ടിലും കണ്ടല സഹകരണ ബാങ്കിലും തുടരുകയാണ്.

ഭാസുരാംഗനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നാലെ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഭാസുരാംഗന് പങ്കാളിത്തമുണ്ടെന്നും വീഴ്ച പറ്റിയിട്ടുണ്ടെന്നും മനസിലായതിന്റെ അടിസ്ഥാനത്തിലാണ് സി.പി.ഐ ഈ തീരുമാനമെടുത്തതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഭാസുരാംഗനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അദ്ദേഹം വ്യക്തമാക്കി.

ബാങ്കിലെ ക്രമക്കേടിനെ തുടര്‍ന്ന് ഒരു പാര്‍ട്ടി നേതാവ് ആസിഡ് ആക്രമണത്തിനിരയാകുകയും മറ്റൊരു നേതാവ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പുറത്തുവന്നിട്ട് ഒരു വര്‍ഷമായെന്നും ഈ കാലയളവില്‍ ഭാസുരാംഗനെതിരായി 64 പരാതികളും സഹകരണ ബാങ്ക് രജിസ്റ്ററുടെ റിപ്പോര്‍ട്ടും വന്നിരുന്നു. എന്നാല്‍ ഇ.ഡിയുടെ പരിശോധനയോടെ മുന്‍ പ്രസിഡണ്ട് ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ നിബന്ധിരാവുകയായിരുന്നു.

റെയ്ഡിനിടെ ഭാസുരാംഗന്‍ കുഴഞ്ഞു വീഴുകയും തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. എബ്രഹാമിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡിയുടെ അറസ്റ്റ്.

സഹകരണ ബാങ്കില്‍ 8 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിലയിരുത്തല്‍. കടബാധ്യതയെ തുടര്‍ന്ന് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും കെ.കെ. എബ്രഹാമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Content Highlight: C.P.I expels former president Bhasurangan in Kandala Cooperative Bank irregularities