| Thursday, 26th November 2020, 5:32 pm

സി.എം രവീന്ദ്രന് വിദഗ്ധ പരിശോധന വേണം, ഡിസ്ചാര്‍ജ് ഇല്ലെന്ന് ആശുപത്രി അധികൃതര്‍; ചോദ്യം ചെയ്യലിന് നാളെയും ഹാജരായേക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വിദഗ്ധ ചികിത്സകള്‍ തുടരുകയാണെന്നും ഇന്ന് ഡിസ്ചാര്‍ജ് ആക്കാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍.

വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഡിസ്ചാര്‍ജ് ആവാത്ത പക്ഷം അദ്ദേഹം ചോദ്യം ചെയ്യലിന് എത്തിയേക്കില്ല.

സി.എം.രവീന്ദ്രന്‍ കൊവിഡ് മുക്തനായതിനെ തുടര്‍ന്നായിരുന്നു ഇ.ഡി നോട്ടീസ് നല്‍കിയിരുന്നത്. കെ ഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ചോദ്യംചെയ്യലെന്നായിരുന്നു സൂചന.

എന്നാല്‍ ചോദ്യം ചെയ്യലിന് വെളളിയാഴ്ച ഹാജരാകാന്‍ ഇ.ഡി നോട്ടിസ് നല്‍കിയതിന് പിന്നാലെ രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായാണ് അഡ്മിറ്റായത് എന്നായിരുന്നു വിശദീകരണം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന്‍ രേഖമൂലം അറിയിച്ചിരുന്നു.

രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു. രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴേക്കും മറ്റ് ചില കഥകള്‍ മെനയാന്‍ ചിലര്‍ക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാന്‍ ഉണ്ടാകും. അതുകൊണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അയാള്‍ പ്രതിയാകില്ലെന്നും പിണറായി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: c m Raveendran will not be Discharged Today

We use cookies to give you the best possible experience. Learn more