| Thursday, 3rd October 2024, 7:19 pm

അജിത് കുമാറിനെ മാറ്റും: സി.പി.ഐക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സി.പി.ഐക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.പി.ഐ നിര്‍വാഹക സമിതിയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.

എം.ആര്‍. അജിത് കുമാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടം മുതല്‍ക്കേ സി.പി.ഐ എ.ഡി.ജി.പിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന നിലപാടില്‍ ഉറച്ചുനിന്നിരുന്നു.

നേരത്തെ എ.ഡി.ജി.പി. അജിത് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണത്തെ മുഖ്യമന്ത്രി എതിര്‍ക്കുകയാണ് ചെയ്തിരുന്നത്.

ആരോപണത്തിന്റെ പേരില്‍ മാത്രം അദ്ദേഹത്തെ മാറ്റി നിര്‍ത്താനാകില്ലെന്നും ഡി.ജി.പിയുടെ പുതിയ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അത്തരം നടപടികളെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് എ.ഡി.ജി.പിയെ മാറ്റുമെന്ന് ഘടകകക്ഷിയായ സി.പി.ഐക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എ.ഡി.ജി.പിക്കെതിരെ ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

പ്രസ്തുത വിഷയത്തിൽ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്ന് തീരുമാനങ്ങളാണ് കൈകൊണ്ടിട്ടുള്ളത്. എം.ആര്‍. അജിത് കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അന്വേഷിക്കുന്നതിന് പുറമെ പൂരം നടത്തിപ്പിലെ വീഴ്ചയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കാന്‍ എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Content Highlight: C M has assured the ADGP in charge of law and order Ajith Kumar will be removed from his current position

We use cookies to give you the best possible experience. Learn more