കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. അഡീഷണല്‍ സി.ജെ.എം കോടതിയാണ് ഉത്തരവിട്ടത്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. പതിനൊന്നാം മണിക്കൂറില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നെന്നാണ് കോടതി ചോദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയണമെന്നും കോടതി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന കസ്റ്റംസിന്റെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.
ഒന്‍പത് തവണ ചോദ്യം ചെയ്തതായി ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഈ ഒന്‍പത് തവണ ചോദ്യം ചെയ്തിട്ടും കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് ശിവശങ്കറിന്റെ പദവികളെക്കുറിച്ച് കോടതി ചോദിച്ചത്.
കോടതി രേഖയില്‍ ‘മാധവന്‍ നായരുടെ മകന്‍ ശിവശങ്കര്‍’ എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ശിവശങ്കറിന്റെ ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരുന്നില്ല. കസ്റ്റംസിനെന്താ ശിവശങ്കറെ പേടിയാണോ എന്നായിരുന്നു കോടതി ചോദിച്ചത്.
ശിവശങ്കറിനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് കോടതിയോട് പറഞ്ഞത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും കള്ളക്കടത്തിന് അദ്ദേഹം എല്ലാ ഒത്താശയും ചെയ്തിരുന്നുവെന്നും സ്വപ്‌ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക