| Thursday, 16th April 2020, 8:52 am

ലോക്ക് ഡൗണില്‍ മാധ്യമസ്ഥാപനങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു; അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് സി.ഐ.ടി.യുവിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തോടെ പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാണിച്ച് മാധ്യമസ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സി.ഐ.ടിയു പരാതി നല്‍കി. സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍സെന്നാണ് ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കിയത്.

ലോക്ക് ഡൗണ്‍ കാലത്ത് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രിയും തൊഴില്‍ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടും പല മാധ്യമസ്ഥാപനങ്ങളിലേയും ദിവസവേതനക്കാരും താല്‍ക്കാലിക തൊഴിലാളികളും പിരിച്ചുവിടല്‍ ഭീഷണി നേരിടുകയാണ്. ഈ വിഷയത്തില്‍ ലേബര്‍ സെക്രട്ടറിയുടെ അടിയന്തരശ്രദ്ധ വേണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.

കൊവിഡ് 19 വ്യാപനത്തിന്റെ ഭീതിയിലും ലോക്ക് ഡൗണിന്റെ പ്രതിസന്ധിയിലും നമുക്ക് കൃത്യമായി വിവരങ്ങള്‍ തരാന്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും സി.ഐ.ടി.യു കത്തിലൂടെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ എക്‌സ്പ്രസിലേയും ബിസിനസ് സ്റ്റാന്‍ഡേര്‍ഡിലേയും ജീവനക്കാരോട് സാലറി കട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ സണ്‍ഡേ മാഗസിന്‍ ജീവനക്കാരെ പിരിച്ചുവിട്ടു, ന്യൂസ് നാഷന്‍ 16 ഡിജിറ്റല്‍ ജീവനക്കാരെ ടെര്‍മിനേറ്റ് ചെയ്തു, ക്വിന്റിലെ പകുതി ജീവനക്കാരോട് ശമ്പളം കൂടാതെ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.

ഇന്ത്യ ടുഡേ പുറത്താക്കുന്ന 46 റിപ്പോര്‍ട്ടര്‍മാരുടേയും 6 ക്യാമറാപേഴ്‌സണ്‍മാരുടേയും 17 പ്രൊഡ്യൂസര്‍മാരുടേയും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്, ഇ.ടി പനാചെയും ബോംബെ ടൈംസും ഒന്നാകുന്നതിന്റെ ഭാഗമായി ഇ.ടി പനാചെയുടെ 50 ശതമാനം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും, ഹിന്ദുസ്ഥാന്‍ ടൈംസ് മറാത്തി പതിപ്പ് പൂര്‍ണ്ണമായി അടച്ചിടാന്‍ പോകുന്നു, ഉറുദു പത്രമായ നയീ ദുനിയാ, ഈവനിംഗ് സ്റ്റാര്‍ ഓഫ് മൈസൂര്‍, ഔട്ട്‌ലുക്ക് മാഗസിന്‍ എന്നിവ അച്ചടി പ്രസിദ്ധീകരണം നിര്‍ത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കേവലം നിര്‍ദേശങ്ങള്‍ മാത്രം പോര എന്നാണ് മുകളിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ലാഭമോഹത്തിന് മനസാക്ഷി ഇല്ല. ഇതിനെതിരെ ശക്തമായ നിയമപ്രകാരമുള്ള നടപടിയാണ് വേണ്ടത്. രാജ്യം അഭിമുഖീകരിക്കുന്ന ദേശീയ ദുരന്തത്തെ അഭിസംബോധന ചെയ്യുന്നതിന് അത്തരം നടപടികളും ആവശ്യമാണെന്ന് സി.ഐ.ടി.യു പറഞ്ഞു.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.


WATCH THIS VIDEO:

We use cookies to give you the best possible experience. Learn more