തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തെ ആരു നയിക്കണമെന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പമാണെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആരാണ് കേരളത്തെ നയിക്കാന്‍ എന്ന ചോദ്യമുയരുമ്പോള്‍ പ്രതിപക്ഷ നേതാവാണോ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ഉമ്മന്‍ചാണ്ടിയാണോ എന്ന ചോദ്യമാണ് യു.ഡി.എഫില്‍ ഉയരുന്നത് എന്നാണ് ദിവാകരന്‍ പറഞ്ഞത്.
‘അതിന് അവര്‍ക്കു സാധിക്കുമെന്നു തോന്നുന്നില്ല. സമരങ്ങള്‍ ഫലപ്രദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആരാണ് കേരളത്തെ നയിക്കേണ്ടത് എന്നു ജനം ചിന്തിക്കുമ്പോള്‍ ഒരു വശത്ത് നട്ടെല്ലും തന്റേടവുമുള്ള നേതാവായ പിണറായി വിജയനുണ്ട്. അദ്ദേഹത്തെ നേരിടാന്‍ ആരാണ് അപ്പുറത്ത്? അതാണ് ചോദ്യം.
അവര്‍ക്കുളളതില്‍ മെച്ചപ്പെട്ട ഒരു നേതാവ് രമേശ് ചെന്നിത്തലയാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സഭയില്‍ നല്ല പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. അതിനിടയിലാണ് ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. അത് അവര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. നിയമസഭയില്‍ അഞ്ചു കൊല്ലം പ്രതിപക്ഷത്തെ നയിച്ച ആളാണോ, അതോ അഞ്ചു വര്‍ഷം അവിടെ നിശബ്ദനായി ഇരുന്ന ആളാണോ നമ്മുടെ നേതാവ് എന്ന ചിന്താക്കുഴപ്പത്തിലാണ് യു.ഡി.എഫ് അണികള്‍,’ സി. ദിവാകരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം തിരിച്ച് വന്നു തുടങ്ങി എന്നാണല്ലോ പ്രതിപക്ഷം അവകാശപ്പെടുന്നത്? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത വ്യഗ്രത തെറ്റിദ്ധരിക്കപ്പെടുന്നുവെന്നും ദിവാകരന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരമുഖങ്ങള്‍ എന്നും പ്രിയപ്പെട്ടതാണെന്നും ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്തും സര്‍ക്കാരിന്റെ ഭാഗത്തും തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ടു ഭാഗത്തും തെറ്റു പറ്റിയിട്ടുണ്ട്. ഞാന്‍ സമരങ്ങളില്‍ കൂടി വളര്‍ന്നു വന്ന ആളാണ്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരമുഖങ്ങള്‍ എന്നും പ്രിയപ്പെട്ടതാണ്. സമരം സാമൂഹിക ജീവിതത്തിന്റെ പ്രധാനഘടകമാണ്. ജീവിതം തന്നെ ഒരു സമരമല്ലേ. അങ്ങനെ മാത്രമെ സമരത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും കാണാവൂ.
സമരങ്ങളെ കൈകാര്യം ചെയ്യാം എന്ന ഒരു ധാരണയില്‍ പോകാന്‍ പാടില്ല. സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളും യാഥാര്‍ഥ്യ ബോധം ഉള്ളവരായിരിക്കണം. സര്‍ക്കാരിനു ചെയ്തുകൊടുക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടു കാര്യമില്ല. ‘സൈക്കിള്‍ ഓടിക്കാന്‍ പഠിച്ച്, അതില്‍ കയറിയാല്‍ മാത്രം പോരാ, ഇറങ്ങാനും കൂടി പഠിക്കണം’ എന്ന് ടി.വി.തോമസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്,’ സി. ദിവാകരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: C Divakaran says confusion among UDF amid election in their leadership