തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കനത്ത തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിട്ടത്. 20 മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. അതും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍.
140 നിയമസഭാ മണ്ഡലങ്ങളില്‍ 123 മണ്ഡലങ്ങളിലും യു.ഡി.എഫാണ് മുന്നേറ്റം കാഴ്ചവെച്ചത്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടിയശേഷം ഇപ്പോഴാണ് കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി ഇത്രയധികം സീറ്റുകള്‍ നേടുന്നത്.
തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. ഇടതിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന കാസര്‍കോട്ടും പാലക്കാടും ആലത്തൂരും ആറ്റിങ്ങലും പതിറ്റാണ്ടുകള്‍ക്കുശേഷമാണ് യു.ഡി.എഫ് തിരിച്ചുപിടിക്കുന്നത്.
ആറ്റിങ്ങലില്‍ 1989നുശേഷവും പാലക്കാട്ടും ആലത്തൂരും 1991നുശേഷവുമാണ് കോണ്‍ഗ്രസ് മുന്നണി വിജയം നേടുന്നത്.