തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് സി. ദിവാകരന്‍. അന്‍വര്‍ ഇത്രയും വലിയ ഗുണ്ടയാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും സര്‍ക്കാരിന് അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കാന്‍ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ അന്‍വര്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിലായിരുന്നു സി.ദിവാകരന്റെ പ്രതികരണം.
സമരം അന്‍വറിന് എതിരായിട്ടല്ലെന്നും പത്രപ്രവര്‍ത്തകരോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന് എതിരായിട്ടുള്ളതാണെന്നും സി.ദിവാകരന്‍ പറഞ്ഞു. പല പത്രപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി കൊണ്ട് ഇരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അന്‍വറിനെ എനിക്കറിയാം. അന്‍വര്‍ എന്റെ കൂടെ നിയമ സഭയില്‍ അടുത്ത് ഇരുന്നവനാണ്. അയാള്‍ ഇത്രയും വലിയ ഗുണ്ടയാണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സമരം അന്‍വറിന് എതിരായിട്ടല്ല, പത്രപ്രവര്‍ത്തകരോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന് എതിരായിട്ടുള്ളതാണ്. ഇത് മാത്രമല്ല പല പത്രപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി കൊണ്ട് ഇരിക്കുകയാണ്. സത്യം വിളിച്ച് പറയുന്നവരെ കൊല്ലുക എന്ന സമീപനമാണ്. അത് ഫാസിസ്റ്റ് സമീപനമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പോരായ്മകള്‍ ന്യൂനതകള്‍, ചൂണ്ടിക്കാണിക്കാന്‍ അവകാശമുള്ളവരാണ് പത്രപ്രവര്‍ത്തകര്‍. പത്രക്കാര്‍ ആകാശത്ത് നിന്നും പൊട്ടിവീണവരൊന്നും അല്ല. ഇവിടെ ഈ തെരുവില്‍ പല സമരങ്ങള്‍ ചെയ്ത അവര്‍ ഒടുവില്‍ ചെന്നെത്തിയ മേഖലയാണ് പത്രപ്രവര്‍ത്തനം.
അവര്‍ക്ക് രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് അറിയാം ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന്. സര്‍ക്കാരാണ് ഇതിന് മുന്നോട്ട് വരേണ്ടത്. സര്‍ക്കാര്‍ ഈ കുപ്രസിദ്ധനായ ഇയാളെ അകത്താക്കുന്നതിന് എന്താ കുഴപ്പം, എന്താണ് തടസം. അന്‍വര്‍ ഒരു ക്രിമിനല്‍ ആണെന്ന് പ്രഖ്യപിക്കാന്‍ എന്താണ് കുഴപ്പം. ആരെങ്കിലും അയാള്‍ക്ക് വേണ്ടി കാണുമോ,’ സി. ദിവാകരന്‍ ചോദിച്ചു.
Content Highlight: C divakaran criticises PV Anwar