| Wednesday, 11th December 2024, 7:02 pm

അയാള്‍ കോടതിയില്‍ ബോംബ് വെച്ചയാള്‍; ഒരു കലണ്ടര്‍ ദിനം മാറിയപ്പോള്‍ ധീരദേശാഭിമാനിയായി; ഭഗത്‌സിങ്ങിനെതിരെ സി. ദാവൂദ്; വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വാതന്ത്ര്യ സമരസേനാനി ഭഗത്‌സിങ്ങിനെതിരായ പരാമര്‍ശവുമായി മീഡിയ വണ്‍ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്. ഭഗത്‌സിങ് കോടതിയില്‍ ബോംബ് വെച്ച ആളാണെന്നും എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഒരു കലണ്ടര്‍ ദിനം മാറിയപ്പോള്‍ ധീരദേശാഭിമാനിയായി മാറിയെന്നുമാണ് ദാവൂദിന്റെ പരാമര്‍ശം. ജിദ്ദയിലെ മീഡിയ വണ്ണിന്റെ ഒരു പ്രോഗ്രാമിനിടെ നടത്തിയ ഈ പരാമര്‍ശത്തനെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്.

സ്‌കൂളുകളിലൊക്കെ ഷഹീദ് ഭഗത്‌സിങ് അഥവാ ധീരദേശാഭിമാനി ഭഗത്‌സിങ് എന്നാണ് നമ്മളെല്ലാവരും പഠിച്ചിരുന്നതെന്ന് പറഞ്ഞ ദാവൂദ് എന്നാല്‍ കോടതിയില്‍ ബോംബ് വെച്ചതോടെ അയാള്‍ ഭീകരവാദിയായി മാറിയെന്നും പറയുന്നു.  ഓഗസ്റ്റ് 15ഓടെ അത്രയും കാലം ഭീകരവാദിയും തീവ്രവാദിയുമെല്ലാമായിരുന്ന ആള്‍ ഒരു ദിവസത്തിനുള്ളില്‍ ഷഹീദും ധീരദേശാഭിമാനിയും ആവുകയായിരുന്നെന്നും ദാവൂദ് പറയുന്നു.

സി.പി.ഐ.എം നേതാവും കേളു ഏട്ടന്‍ പഠനഗവേഷണകേന്ദ്ര ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണനും ദാവൂദിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.ടി. കുഞ്ഞിക്കണ്ണന്‍ പങ്കുവെച്ച പോസ്റ്റില്‍ ഇത് കേവലമൊരു കലണ്ടര്‍ മാറ്റത്തിന്റെ പ്രശ്‌നമല്ല മറിച്ച് ധീര ഭഗത്‌സിങ്ങിനെ കേവലനായൊരു ഭീകരവാദിയായി ആക്ഷേപിക്കുന്ന ചരിത്രനിരപേക്ഷവും സത്താരഹിതവുമായ ഉത്തരാധുനിക അപനിര്‍മ്മാണങ്ങളുടെ പരിഹാസ്യതയുമാണ് ദാവൂദിന്റെ വാക്കുകളിലൂടെ പുറത്തുചാടുന്നത് എന്നാണ് പറയുന്നത്.

ഭഗത്‌സിങ്ങിന്റെ രക്തസാക്ഷിത്വവും അതിലേക്ക് നയിച്ച വിപ്ലവ പ്രവര്‍ത്തനങ്ങളും കൊളോണിയല്‍ അടിമത്വത്തില്‍ നിന്നും സ്വന്തം മാതൃഭൂമിയെ മോചിപ്പിക്കാനുള്ള ആശയങ്ങളുടെയും സ്വാതന്ത്ര്യ വാഞ്ഛയുടെയും ചരിത്രമാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു. മതരാഷ്ട്രവാദികളുടെ ഭീകര പ്രവര്‍ത്തനങ്ങളെ ഭഗത് സിങ്ങുമായി സമീകരിച്ച് തങ്ങളുടെ വിധ്വംസക അജണ്ടക്ക് സമ്മതിയും ന്യായവുമുണ്ടാക്കുകയാണ് ദാവൂദ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

അല്‍ഖ്വയ്ദയുടെയും ഹയാത് തഹീരിന്റെയും ദാവൂദിന്റെ ജമാഅത്തെ ഇസ്‌ലാമിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദിന്റെയോ ഭീകര പ്രവര്‍ത്തനങ്ങളുമായി ഭഗത് സിങ്ങിന്റെയും പീര്‍മുഹമ്മദിന്റെയും സായുധസാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു താരതമ്യവുമില്ലെന്നും കാരണം ഒരു ജനതയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള കൊളോണിയല്‍ വിരുദ്ധ സായുധ സമരങ്ങളെ ഐക്യരാഷ്ട്ര സഭ പോലും ഇന്ന് ഭീകരവാദമായി കണക്കാക്കുന്നില്ലെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് വിരുദ്ധ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് ഷഹീദ് ഭഗത് സിങ്ങെന്ന കാര്യം സ്വാതന്ത്ര്യസമരത്തെ പരമ പുച്ഛത്തോടെ കണ്ട മൗദൂദിയുടെ അനുയായികള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നും കെ.ടി പറയുന്നു. വെള്ളക്കാരായ ബ്രിട്ടീഷുകാരില്‍ നിന്നും കറുത്തവരായ ഇന്ത്യക്കാരിലേക്ക് അധികാരം കൈമാറി കിട്ടിയിട്ട് മുസല്‍മാനെന്ത് കാര്യമെന്ന് ചോദിച്ചവരാണ് മൗദൂദികളെന്നും അതിനാല്‍ അവരുടെ ശിഷ്യന്മാര്‍ക്ക് ഭഗത്‌സിങ് മുന്നോട്ട് വെച്ച സാമ്രാജ്യത്വ വിരുദ്ധ ദേശീയതയെ മനസിലാക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായ ടി.ടി. ജിസ്‌മോന്‍ പങ്കുവെച്ച പോസ്റ്റില്‍ ഭഗത് സിങ്ങിന് മതരാഷ്ട്ര വാദിയായ ദാവൂദിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നാണ് പറയുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നെതിരെ പോരാടി കൊലമരത്തിനു മുന്നിലും ഭയചകിതനാകാതെ ധീരതയോടെ മരണത്തെ നേരിട്ട അനശ്വര വിപ്ലവകാരി എന്നാണ് അദ്ദേഹം ഭഗത് സിങ്ങിനെ വിശേഷിപ്പിച്ചത്.

തൂക്കുകയര്‍ കാത്തുനില്‍ക്കുമ്പോമ്പോഴും ദ റവല്യൂഷനറി ലെനിന്‍ ‘എന്ന പുസ്തകം മുഴുമിപ്പിക്കുന്ന തിരക്കിലായിരുന്നു ഭഗ്തസിങ്ങെന്നും മരണത്തിന് മുന്നിലും നിര്‍ഭയനായി പുഞ്ചിരി തൂകി കറുത്ത തുണി കൊണ്ട് മുഖം മൂടാന്‍ പോലും അനുവദിക്കാത്ത ധീരനായിരുന്നു ഭഗത് സിങ്ങെന്നും പറയുന്നു.

‘സാമ്രാജ്യത്വം തുലയട്ടെ, വിപ്ലവം ജയിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഭഗത് സിങ്ങിന്റെ പേരുച്ചരിക്കാന്‍ മത രാഷ്ട്ര വാദം പ്രസംഗിച്ചു നടക്കുന്ന സി. ദാവൂദിന് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച് ജിസ്‌മോന്‍ ആ ധീര ദേശാഭിമാനിയുടെ ചരിത്രം സി. ദാവൂദ് പഠിക്കണമെന്നും പറയുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷ’ന്റെ സ്ഥാപക നേതാക്കളിലൊരാളായ ഭഗത് സിങ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വരിച്ചിട്ടുണ്ടെങ്കില്‍ അത് മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയിലായിരുന്നു.

കൂടാതെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിനിടെ 1971ല്‍ ജമാ അത്തെ ഇസ്‌ലാമി നേതാവ് മൗലാന അബ്ദുള്‍ കലാം മുഹമ്മദ് യൂസുഫ് സ്ഥാപിച്ച ‘റസാക്കര്‍’ സേന പാക് സൈന്യത്തിന്റെ കൂടെ ചേര്‍ന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുക്തി ജോഡോ സംഘത്തില്‍പ്പെട്ടവരെ തെരഞ്ഞുപിടിച്ച് വകവരുത്തിയ ചരിത്രവും ദാവൂദ് പഠിക്കണമെന്നും ജിസ്‌മോന്റെ പോസ്റ്റില്‍ പറയുന്നു. അല്ലാതെ സ്വാധീനമുള്ളയിടങ്ങളില്‍ സ്വാതന്ത്ര്യസമരത്തെ വര്‍ഗീയവാദമുയര്‍ത്തി ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ച ചരിത്രമുള്ള മത മൗലിക സംഘടനയുടെ വക്താവ് ധീര ദേശാഭിമാനി ഭഗത് സിങ്ങിനെതിരെ അല്പത്തരം ആരോപിച്ച് സ്വയം അപഹാസ്യനാവരുതെന്നും ടി.ടി. ജിസ്‌മോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പ്രശാന്ത് ആലപ്പുഴ പങ്കുവെച്ച പോസ്റ്റില്‍ ധീരദേശാഭിമാനിയും ധീര രക്തസാക്ഷിയുമായ സ.ഭഗത് സിങ്ങിനെയും സഖാക്കളെയും അതോടൊപ്പം തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും നുണ നിറഞ്ഞ വ്യാഖ്യാനത്തോടുകൂടി പുച്ഛിക്കുകയാണ് ദാവൂദ് ചെയ്യുന്നതെന്ന് പറയുന്നു.

ദാവൂദ് പറഞ്ഞത് പോലെ 1947 ഓഗസ്റ്റ് 15നല്ല ഇന്ത്യക്കാരെ സംബന്ധിച്ച് ഭഗത് സിങ്ങും സഖാക്കളും ധീരരക്തസാക്ഷികള്‍ ആയതെന്നും മറിച്ച് അവര്‍ തൂക്കിലേറ്റപ്പെട്ട നിമിഷം തന്നെയാണെന്നും അദ്ദേഹം പറയുന്നു.

ഏതെങ്കിലും മത രാഷ്ട്രം സ്ഥാപിക്കുവാന്‍ നിരപരാധികളെ ബോംബ് എറിഞ്ഞും ചാവേറാക്രമണം നടത്തിയും രക്തസാക്ഷിയായതല്ല ഭഗത് സിങ്ങും കൂട്ടാളികളല്ലെന്നും പ്രശാന്ത് പറയുന്നു. ദാവൂദ് പറയുന്നതുപോലെ മജിസ്‌ട്രേറ്റിന് ബോംബ് വെക്കുകയല്ല ചെയ്തത് മറിച്ച് ജനവിരുദ്ധമായ ഒരു നിയമം പാസാക്കുന്ന അസംബ്ലിയുടെ നടുത്തളത്തിലേക്ക് അത്ര അപകടകാരി അല്ലാത്ത കൈബോംബും പ്രയോഗിക്കുകയായിരുന്നെന്നും പ്രശാന്ത് പറയുന്നു. കൂടാതെ എന്തുകൊണ്ടാണ് തങ്ങളിങ്ങനെ ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ലഘുലേഖകളും സ്‌ഫോടനത്തിനിടെ എറിഞ്ഞിരുന്നു.

എന്നാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിട്ടും അങ്ങനെ ചെയ്യാതിരിക്കുകയും ചെയ്തു. അവര്‍ ഭീരുക്കളെപ്പോലെ ഒന്നും രഹസ്യമായി ചെയ്യുകയായിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

സി. ദാവൂദ് പറഞ്ഞത്

നമ്മളൊക്കെ സ്‌കൂളുകളിലൊക്കെ പഠിക്കുമ്പോള്‍ ഷഹീദ് ഭഗത്‌സിങ് എന്നാണ് പറയുന്നത്. ധീരദേശാഭിമാനി ഭഗത്‌സിങ്. കോപ്പിയൊക്കെ എഴുതി പഠിക്കുമായിരുന്നു. പുള്ളിക്കാരനെന്താ പരിപാടി? ഒരു കോടതിയില്‍ ബോംബ് വെച്ച ആളാണ്. ഒരു മജിസ്‌ട്രേറ്റിനെ കൊല്ലാന്‍ വേണ്ടീട്ട് കോടതിയില്‍ ബോംബ് വെച്ച് ആളാണ്. അതിന്റെ പേരിലാണ് തൂക്കികൊന്നത്. അപ്പോ അയാളെ തീവ്രവാദി എന്നും പറഞ്ഞിട്ടാണ് തൂക്കികൊന്നത്.

എന്നാല്‍ 1947 ഓഗസ്റ്റ് 15 എന്നൊരു ഡേറ്റ് കഴിഞ്ഞപ്പോള്‍ കലണ്ടറില്‍ ഒരു ചെറിയ മാറ്റം ഉണ്ടായപ്പോള്‍ അയാള്‍ ധീരദേശാഭിമാനിയായി. 1947 ഓഗസ്റ്റ് 15ന് മുമ്പ അയാള്‍ ഭീകരവാധിയും തീവ്രവാദിയും ആയിരുന്നു. കുഴപ്പക്കാരനായിരുന്നു. എന്നാല്‍ ഓഗസ്റ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ ഷഹീദും ധീരദേശാഭിമാനിയും എല്ലാമായി. അപ്പോള്‍ ഒരു കലണ്ടര്‍ മാറ്റത്തോടെ അയാള്‍ക്കെതിരായ ആക്ഷേപത്തില്‍ മാറ്റം വരുകയാണ്. അത്രയെ ഉള്ളു…

Content Highlight: C. Dawood’s Abusive remarks on Bhagat Singh

We use cookies to give you the best possible experience. Learn more