| Saturday, 27th February 2021, 2:55 pm

ബംഗാളിന് മകളെ ആവശ്യമാണ്, അല്ലാതെ 'അമ്മായി'യെ അല്ല; മമതയെ പരിഹസിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ പരിഹാസം.

ബംഗാളിന് അതിന്റെ മുഖമായി വേണ്ടത് ബംഗാളിന്റെ മകളെയാണ് എന്നാണ് തൃണമൂലിന്റെ മുദ്രാവാക്യം. എന്നാല്‍ ബംഗാളിന് വേണ്ടത് അതിന്റെ മകളെ തന്നെയാണ് അല്ലാതെ ‘ അമ്മായി’യെ അല്ല എന്നാണ് ബി.ജെ.പി പരിഹസിച്ചത്.

ബംഗാളിന്റെ മകളാവാനുള്ള കഴിവൊന്നും മമത ബാനര്‍ജിയ്ക്ക് ഇല്ലെന്നും സംസ്ഥാനത്തെ അമ്മമാരെയും പെണ്‍മക്കളെയും മമത ബാനര്‍ജി പരാജയപ്പെടുത്തിയെന്നും ബംഗാള്‍ ബി.ജെ.പി ചുമതലയുള്ള അമിത് മാളവിയ ആരോപണം ഉന്നയിച്ചു.

പതിറ്റാണ്ടുകളായി മമത സംസ്ഥാനത്തെ പിന്നോട്ട് തള്ളിയെന്നും ബംഗാള്‍ ഇപ്പോള്‍ പുതിയ ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്നും മാളവിയ പറഞ്ഞു.

അതേസമയം, ബംഗാള്‍ തെരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

അസമില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനും, തമിഴ്നാട്ടില്‍ ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനും ഉത്തരവിട്ട കമ്മീഷന്‍ എന്തുകൊണ്ട് ബംഗാളില്‍ മാത്രം എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടുവെന്ന് മമത ചോദിച്ചു.

ബി.ജെ.പി നേതൃത്വത്തിന്റെ സൗകര്യത്തിന് അനുസരിച്ചാണോ ഈ തീയതി നിശ്ചയിച്ചതെന്നും മമത ചോദിച്ചു.

എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ച സാഹചര്യത്തിലാണ് മമതയുടെ വിമര്‍ശനം. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയുള്ള തീയതികളിലായിരിക്കും വോട്ടെടുപ്പ് നടക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content Highlights:Bengal Wants a Daughter But it’s Not Mamata’: BJP Ups Its Slogan Game to Counter TMC’s Campaign

We use cookies to give you the best possible experience. Learn more