| Wednesday, 4th July 2012, 12:15 pm

ആദര്‍ശ് അഴിമതി: മുന്‍മുഖ്യമന്ത്രി അശോക് ചവാനെ ഉള്‍പ്പെടുത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആദര്‍ശ് അഴിമതിക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ 14 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുള്ളത്‌. മുംബൈ സെഷന്‍സ് കോടതിയിലാണ് 10,000 പേജുകള്‍ വരുന്ന കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചത്.

കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന ആദ്യകുറ്റപത്രമാണിത്. കേസ് രജിസ്റ്റര്‍ ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധവകുപ്പാണ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്.

ആദര്‍ശ് അഴിമിതി സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവേ ജൂലൈ നാലിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ 18ന് സി.ബി.ഐ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി.ബി.ഐ രാവിലെ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

ദേശീയ രാഷ്ട്രീയ രംഗത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതായിരുന്നു ആദര്‍ശ് ഫ്‌ളാറ്റ്‌ അഴിമതി. കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം വരിച്ച പട്ടാളക്കാരുടെ വിധവകള്‍ക്കും കുടുംബങ്ങള്‍ക്കുമായി മഹാരാഷ്ട്രയിലെ കൊളാബയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ്‌ സമുച്ചയത്തില്‍ ഏറെയും രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും സ്വന്തമാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അശോക്ചവാനെ മാറ്റുകയും ചെയ്തിരുന്നു. അശോക് ചവാന്റെ വേണ്ടപ്പെട്ടവരെല്ലാം ഫ്‌ളാറ്റ്‌ കൈക്കലാക്കി എന്നും  ഇന്ത്യന്‍ സൈന്യത്തിലെ മുതിര്‍ന്ന മൂന്നു മേധാവികള്‍ക്ക് വിവാദത്തില്‍ പങ്കുണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.

ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയിലുള്ള 103 ഫ്‌ളാറ്റുകളില്‍ ഏകദേശം 30 എണ്ണത്തോളം ബിനാമി പേരുകളിലാണ് ചിലര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സി.ബി.ഐ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ചതിനാല്‍ സമുച്ചയം പൊളിച്ചു നീക്കണമെന്ന് മന്ത്രാലയം ജനുവരിയില്‍ നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more