ന്യൂദല്‍ഹി: കല്‍ക്കരി ബ്ലോക്ക് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ കല്‍ക്കരി സമ്പുഷ്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുന്‍ മുഖ്യമന്ത്രിമാരെയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. []
ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരായ രമണ്‍ സിങ്, അര്‍ജുണ്‍ മുണ്ട, നവീന്‍ പട്‌നായിക് എന്നിവരെയും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിമാരായ മധുകോഡ, ഷിബു സോറന്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് സി.ബി.ഐ ഒരുങ്ങുന്നത്.
2006 മുതല്‍ 2009 വരെയുള്ള കാലയളവില്‍ കല്‍ക്കരിപാടങ്ങള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്.
ചില സ്വകാര്യ മേഖല കമ്പനികള്‍ക്ക് കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കാന്‍ ഇവരുടെ കാലത്ത് ശുപാര്‍ശ ചെയ്തതിനെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചവയില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരുടെ ശുപാര്‍ശ അനുസരിച്ചായിരുന്നുവെന്ന് വ്യക്തമായതായി സി.ബി.ഐ അറിയിച്ചു.
ഈ കമ്പനികളില്‍ പലതും അയോഗ്യത കല്‍പ്പിക്കപ്പെട്ടവയാണ്. ഇവയ്ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശുപാര്‍ശ ചെയ്തതിന് പിന്നിലെ കാരണമാണ് വ്യക്തമാകേണ്ടതെന്നും അതിനായി മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുന്‍ മുഖ്യമന്ത്രിമാരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ബി.ഐയിലെ മുതിര്‍ന്ന ഓഫീസര്‍ വ്യക്തമാക്കി.