[] ന്യൂദല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് അന്വേഷിക്കാനാകില്ലെന്ന് സി.ബി.ഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐ നിലപാട് അറിയിച്ചത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലാണ് സി.ബി.ഐയുടെ സത്യവാങ്മൂലം.
കേസിന് അന്തര്‍സംസ്ഥാന ബന്ധമില്ലാത്തതിനാല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിനാണ് നിയമപരമായ അധികാരമെന്നും സി.ബി.ഐ വ്യക്തമാക്കി. കേരള പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് ഫലപ്രദമായി അന്വേഷിക്കാവുന്ന കേസ് ആണിതെന്നും സത്യവാങ്മൂലം പരിഗണിച്ച് വി.എസിന്റെ ഹരജി തള്ളണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.
22 ഉന്നതര്‍ ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ചാണ് വി.എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റില്‍ നല്‍കിയ ഹരജി കേരളാ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം തേടി സംസ്ഥാന സര്‍ക്കാറിനും സി.ബി.ഐയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.