| Friday, 2nd August 2013, 3:19 pm

ഭൂമിദാനക്കേസ്: സി.ബി.ഐ അന്വേഷണത്തിനുള്ള ഹരജി ഫയലില്‍ സ്വീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. []

കാക്കനാട് സ്വദേശി ജിജോ മാത്യു സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചത്. കേസുമായ ബന്ധപ്പെട്ട് സി.ബി.ഐക്ക് നോട്ടീസയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

വി.എസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീല തോമസിനെയും മറ്റ് രണ്ടുപേരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ചോദ്യം ചെയ്തായിരുന്നു ഹരജി.

ഇവരെ കേസില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരണമൂലമാണെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു.

2010ല്‍ വി.എസ്സിന്റെ ആലപ്പുഴക്കാരനായ ബന്ധുവും  വിമുക്തഭടനുമായ ടി.കെ. സോമന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കിയെന്നാണ് കേസ്.

എന്നാല്‍ 1977ല്‍ കെ കരുണാകരന്‍ മന്ത്രിസഭയാണ് വിമുക്തഭടനായ ടി.കെ. സോമന് ഭൂമി അനുവദിച്ച് തീരുമാനമെടുത്തത്.

1977ല്‍ അനുവദിച്ച ഭൂമി തര്‍ക്കങ്ങള്‍ തീര്‍ത്ത് ടി.കെ. സോമന് കൈവശം ലഭിച്ചത് 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. വില്‍പനാവകാശത്തിനായി വീണ്ടും 25 വര്‍ഷം കാത്തിരിക്കണമെന്ന സ്ഥിതിവന്നപ്പോള്‍ മാത്രമാണ് ഇടപെട്ടതെന്നും വി.എസ് വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് ഭൂമിദാനക്കേസുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനെതിരായി സമര്‍പ്പിച്ച എഫ്.ഐ.ആര്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി റദ്ദാക്കിയത്.

We use cookies to give you the best possible experience. Learn more