[] കൊച്ചി: മലബാര്‍ സിമന്റസ് മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സി.ബി.ഐ. മക്കളെ കൊന്ന ശേഷം ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കി.
ശശീന്ദ്രന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. വീടിനടുത്തുള്ള കടയില്‍ നിന്ന് ശശീന്ദ്രന്‍ ആറു മീറ്ററുള്ള കയര്‍ വാങ്ങിയതായും വീടിന്റെ വാതിലില്‍ കണ്ടത് ചോരക്കറയല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തില്‍ കണ്ടത്തെിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോടതിയുടെ ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് സി.ബി.ഐയുടെ സ്ഥിരീകരണം.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച് 2013 ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ശശീന്ദ്രന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
ശശീന്ദ്രന്റെ മരണത്തില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷണന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാധാകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണകുറ്റമാണ് അന്ന് സി.ബി.ഐ ചുമത്തിയിരുന്നത്.
2011 ജനുവരി 24നാണ് ശശീന്ദ്രനെയും മക്കളെയും പുതുശ്ശേരിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് തെളിയിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് ശശീന്ദ്രന്റെ ഭാര്യ ടീനയും അച്ഛനും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സി.ബി.ഐ. അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.