[]തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ##ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിട്ടു. []
കേസ് സി.ബി.ഐക്ക് വിടാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒപ്പുവെച്ചു. ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജയകൃഷ്ണന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ യഥാര്‍ഥ പ്രതികള്‍ അല്ലെന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിച്ച ക്രൈംബ്രാഞ്ച് പിന്നീട് അന്വേഷണത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.
എന്നാല്‍, കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് കേസ് അന്വേഷിച്ച െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി ഷൗക്കത്തലി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലിക്കായിരുന്നു അന്വേഷണച്ചുമതല. തുടരന്വേഷണം നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും നിയമപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ക്രൈംബ്രാഞ്ച് പിന്‍മാറിയത്.
1999 ഡിസംബര്‍ ഒന്നിനാണ് മൊകേരി സ്‌കൂളില്‍ വെച്ച് അക്രമികള്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചിരുന്നു. എന്നാലിത് സുപ്രീംകോടതി റദ്ദാക്കി.
ഒന്നാംപ്രതി പ്രദീപിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മറ്റ് പ്രതികളെ വെറുതെ വിട്ടു. എന്നാല്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ശിക്ഷയില്‍ ഇളവുനല്‍കി പ്രദീപിനെ മോചിപ്പിച്ചു.
അതേസമയം മകന്റെ കൊലപാതകക്കേസ് സി.ബി.ഐ അന്വേഷണത്തിന് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യ പറഞ്ഞു.
സി.ബി.ഐ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാകുമെന്നും സത്യം പുറത്തുവരുമെന്നും പ്രതീക്ഷയുണ്ടെന്ന് അവര്‍ പറഞ്ഞു.