Advertisement
Daily News
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സലീം രാജ് അടക്കം 7 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jun 03, 09:23 am
Wednesday, 3rd June 2015, 2:53 pm

saleem-raj
തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പടെ 7 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സി.ബി.ഐയുടെ കേരളത്തിലെ വിവിധ യൂണിറ്റുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ആറ് പേരും ഉദ്യോഗസ്ഥരാണ്.

ഭൂമി തട്ടിപ്പ് കേസിലെ 21ാം പ്രതിയായ സലീം രാജിനെ തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ കൊച്ചിയിലെ ഓഫീസിലേക്ക് വളിച്ചുവരുത്തിയുമാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

വിദ്യോധയ കുമാര്‍, നാസര്‍, അബ്ദുല്‍ മജീദ്, ജയറാം, എം.എസ്. സലീം, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സലീം രാജിനൊപ്പം അറസ്റ്റിലായത്. ഇവരെ ഇന്ന് വൈകീട്ട് നാല് മണിയോടെ കോടതിയില്‍ ഹാജരാക്കും.

കടകംപള്ളിയിലെ കോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത്  തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലീം രാജിനെതിരായുള്ള കേസ്. രേഖകളില്‍ കൃത്രിമം കാണിച്ച് സ്ഥലം സലീം രാജിന് നല്‍കിയെന്നതാണ് കേസിലെ മറ്റ് പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന തന്റെ ഭാര്യയുടെ സഹായത്തോടെയാണ് സലീം രാജ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഈ കേസില്‍ ആദ്യമായാണ് സലീം രാജിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്.