| Monday, 21st May 2018, 1:07 pm

കേരളത്തിലെ ജാതിയില്ലായ്മ വെറും നാട്യം; സി. അയ്യപ്പന്‍ തമസ്‌കരിക്കപ്പെട്ടത് അതിനുദാഹരണം; എസ് ഹരീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി . അയ്യപ്പന്റെ കഥകളുടെ സമ്പൂര്‍ണ്ണം പ്രകാശനം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് പുരസ്‌കാര ജേതാവും കഥാകാരനുമായ എസ്. ഹരീഷ് നിര്‍വ്വഹിച്ചു. ശനിയാഴ്ച്ച (19052018) എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കഥാകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമനാണ് കഥകള്‍ ഏറ്റുവാങ്ങിയത്.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് സി. അയ്യപ്പന്റെ കഥകള്‍ വീണ്ടും വെളിച്ചം കാണുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആമിബുക്സ് ആണ് കഥകളുടെ സമാഹരണം നടത്തുകയും സമ്പൂര്‍ണ പതിപ്പ് പുറത്ത് എത്തിക്കുകയും ചെയ്തിരിക്കുന്നത്. ദലിത് ജീവിത പരിസരത്ത് നിന്നും ജാതിയെയും അതിന്റെ നിര്‍ദാക്ഷിണ്യമായ സാമൂഹ്യ സ്വാധീനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടും തുറന്നുകാണിച്ചുകൊണ്ടുമുള്ള കഥകളാണ് സി. അയ്യപ്പന്റേത്.

പെന്‍ഗ്വിന്‍ ബുക്സും മനോരമ ബുക്സും സംയുക്തമായി ചേര്‍ന്നുകൊണ്ടുള്ള പെന്‍ഗ്വിന്‍-മനോരമയായിരുന്നു സി. അയ്യപ്പന്റെ കഥകള്‍ 2008ല്‍ അവസാനമായി പ്രസിദ്ധീകരിച്ചിരുന്നത്. 2003ല്‍ ഡി.സി.ബുക്സ് ഇറക്കിയ “ഞണ്ടുകള്‍” എന്ന കഥാസമാഹാരവും 1986ല്‍ സാഹിത്യ പ്രസാധക സഹകരണ സംഘം പ്രസിദ്ധീകരിച്ച “ഉച്ചയുറക്കത്തിലെ സ്വപ്നങ്ങള്‍” എന്നിവയുമാണ് സി. അയ്യപ്പന്റേതായി പുറത്തുവന്നിട്ടുള്ള കഥാസമാഹാരങ്ങള്‍. പുതുതായി സമാഹരിക്കപ്പെട്ട നാല് കഥകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ പതിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേരളത്തിലെ ജാതിയില്ലായ്മ വെറും നാട്യമാണെന്നും കേരളീയ ജീവിതത്തിന്റെ സൂക്ഷ്മമൂല്യങ്ങള്‍ ജാതിനിബിഢമാണെന്നും സി. അയ്യപ്പനെ പോലുള്ള കഥാകാരന്‍മാര്‍ തമസ്‌കരിക്കപ്പെട്ടത് ഇത്തരം ജാതീയത സാമൂഹികമായിത്തീര്‍ന്നിരിക്കുന്ന അന്തരീക്ഷത്താലാണെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് എസ്. ഹരീഷ് അഭിപ്രായപ്പെട്ടു. പ്രേതഭാഷണങ്ങളിലൂടെ പൊതുസമൂഹത്തെ എതിര്‍പക്ഷത്ത് നിര്‍ത്തിയുള്ള വിമര്‍നങ്ങളാണ് സി. അയ്യപ്പന്റെ കഥകളുടെ കഥാശരീരം എന്ന് പ്രമോദ് രാമന്‍ പറഞ്ഞു. ജാതീയ ബോധത്തെയും ജാതിയുടെ ഇടപെടലുകളെയും രൂക്ഷനര്‍മ്മങ്ങള്‍ കൊണ്ട് നേരിടാനും അതേസമയം സാഹിത്യപരമായ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതുമാണ് സി. അയ്യപ്പന്റെ കഥകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രേഖാ രാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദിലീപ് രാജ് പുസ്തകം പരിചയപ്പെടുത്തി. സണ്ണി എം. കപിക്കാട്, കെ.എം. സലിംകുമാര്‍, എം.ആര്‍. രേണുകുമാര്‍, സി.എസ്. രാജേഷ്, ഫ്രാന്‍സിസ് നൊറോണ, ലാസര്‍ ഷൈന്‍, ഷഫീക്ക് സുബൈദ ഹക്കീം എന്നിവര്‍ സംസാരിച്ചു.

We use cookies to give you the best possible experience. Learn more