| Monday, 6th March 2017, 3:24 pm

യു.ഡി.എഫ് സര്‍ക്കാരിന്റെ പല ഉത്തരവുകളിലും ഉമ്മന്‍ചാണ്ടി ഒപ്പിട്ടത് ചട്ടവിരുദ്ധമായി: സി.എ.ജി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ ഉത്തരവുകളില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പല തീരുമാനങ്ങളിലും ഒപ്പിട്ടതെന്ന് സി.എ.ജി പറയുന്നു.

മെത്രാന്‍ കായല്‍, കടമക്കുടിയിലെ മെഡിസിറ്റി പദ്ധതി, ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് അനുവദിച്ച മെഡിക്കല്‍ കോളേജ് പദ്ധതിയിലും ചട്ടലംഘനം നടന്നതായാണ് കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ ചൂണ്ടിക്കാണിക്കുന്നത്. കോട്ടയം ഇടനാഴി, കോട്ടയം മെഡിസിറ്റി ഹബ് തുടങ്ങിയ പദ്ധതികള്‍ക്ക് ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനം നടന്നെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടിയത്.

ഇക്കാര്യങ്ങളിലെല്ലാം മന്ത്രിസഭ അറിഞ്ഞുകൊണ്ട് മുഖ്യമന്ത്രികൂടി അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ സംസ്ഥാനത്ത് ഭൂമി സംരക്ഷിക്കുന്നതില്‍ വലിയ തോതിലുള്ള വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മൂന്നാര്‍, വാഗമണ്‍ അടക്കമുള്ളയിടങ്ങളിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


Dont Miss സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ കരുത്തരാണ്; അവര്‍ക്ക് അവസരം നല്‍കിയാല്‍ മാത്രം മതി: ഷാരൂഖ് ഖാന്‍ 


ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതിലും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ടിലുണ്ട്. 2013നും 2016നും ഇടയില്‍ വൈന്‍ – ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതിലാണ് ക്രമക്കേട്. സുപ്രീം കോടതി നിര്‍ദേശം അവഗണിച്ച് 10 ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചെന്നും സി.എ.ജി പറയുന്നു.

ദേശീയപാതയുടെ സമീപത്ത് ബാറുകള്‍ക്കോ ബിയര്‍ പാര്‍ലറുകള്‍ക്കോ അനുമതി നല്‍കരുതെന്ന് 2013-ല്‍ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ പത്ത് ബിയര്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കുകയായിരുന്നുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

റവന്യൂ ഭൂമി സംരക്ഷിക്കുന്നതിന് കൃത്യമായ ഒരു സംവിധാനം പോലുമുണ്ടായിരുന്നില്ല. റവന്യൂ ഭൂമി നികത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്നും സിഎജി കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more