| Wednesday, 3rd April 2013, 3:30 pm

വന്‍ വ്യവസായികള്‍ക്ക് അനധികൃതമായി ആനുകൂല്യം നല്‍കി: ഗുജറാത്ത് സര്‍ക്കാരിനെതിരെ സിഎജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വന്‍കിട വ്യവസായികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്.

സംസ്ഥാന നിയമസഭയിലാണ് സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  റിലയന്‍സ് ഇന്‍ഡ്രസ്ട്രീസിന് ഗ്യാസ് കടത്തിയ വകയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഇളവ് ചെയ്ത് കൊടുത്തു. ഇതുവഴി 57.27 കോടിയുടെ ലാഭം റിലയന്‍സിന് ഉണ്ടായതായി സിഎജി ചൂണ്ടിക്കാട്ടി.[]

റിലയന്‍സില്‍ നിന്നും 52. 27 കോടി രൂപയുടെ ലാഭം നേടിയെടുക്കുന്നതില്‍ നിന്നും ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് ലിമിറ്റഡ് വീഴ്ച വരുത്തിയെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.  ജി എസ് പി എല്ലിന്റെ സഹായത്തോടെ റിലയന്‍സിന് വന്‍ ലാഭം നേടിയെടുക്കാന്‍ സാധിച്ചെന്നും സി എ ജി വ്യക്തമാക്കുന്നു.

റിലയന്‍സുമായി ചേര്‍ന്ന് ഉണ്ടാക്കിയ ഗാസ് ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ ജി എസ് പി എല്‍ ദുരുപയോഗം ചെയ്തുവെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലാര്‍സനന്‍ ടര്‍ബോ, ഫോര്‍ഡ് ഇന്ത്യ, എസ്ആര്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്ക് ഫാക്ടറി സ്ഥാപിക്കുന്നതിനായി കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിച്ചു.

ഇത് സംസ്ഥാന ഖജനാവിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ആദാനി പവറുമായി ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല.

പവര്‍ പര്‍ച്ചേഴ്‌സ് എഗ്രിമെന്റിന്റെ ലംഘനത്തിന് ഈടാക്കേണ്ട 160 കോടി രൂപ ഈടാക്കാത്തത് മൂലം അദാനിക്ക് അനര്‍ഹമായ ആനുകൂല്യം ലഭിച്ചു.

എസ് ആര്‍ സ്റ്റീല്‍ കമ്പനി ലിമിറ്റഡ് ഹസീറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ചെറിയ പിഴ മാത്രം ഈടാക്കി നിയമവിധേയമാക്കിയതായും സിഎജി കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ സി എ ജി കണ്ടെത്തിയിരിക്കുന്നത് അഴിമതിയല്ലെന്നും ഇത് ചെറിയ ആനുകൂല്യം മാത്രമാണെന്നും ഗുജറാത്ത് ധനമന്ത്രി പ്രതികരിച്ചു. വിഷയം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more