പാരീസ്: തെക്കു കിഴക്കന്‍ ഫ്രാന്‍സ് പര്യടനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ കാണികളിലൊരാള്‍ മുഖത്തടിച്ചതായി റിപ്പോര്‍ട്ട്. മാക്രോണിന് അടിയേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബി.എഫ്. എം. ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.
പര്യടനത്തിനിടെ തന്നെ കാണാനെത്തിയ കാണികളോട് സംസാരിക്കുകയായിരുന്നു മാക്രോണ്‍. ഇതിനിടെ കാഴ്ചക്കാരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ അദ്ദേഹത്തെ ഹസ്തദാനം ചെയ്യാനെത്തുകയും തുടര്‍ന്ന് മുഖത്തടിക്കുകയുമായിരുന്നു.
ഉടന്‍ തന്നെ മാക്രോണിന്റെ അംഗരക്ഷകര്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
ഡ്രോം പ്രദേശത്തെ തെയ്ന്‍ ഇല്‍ ഹെര്‍മിറ്റേജ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മാക്രോണിന് നേരെ നടന്ന ആക്രമണം ഏറ്റവും വലിയ സുരക്ഷാ വീഴ്ചയെന്നാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
2022ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പര്യടനമായിരുന്നു മാക്രോണിന്റേത്. ഇതിന്റെ ഭാഗമായാണ് ഫ്രാന്‍സിലെ തെക്കു കിഴക്കന്‍ പ്രവിശ്യകളിലെ സന്ദര്‍ശനം.
ഇതിന്റെ ഭാഗമായി ഡ്രോമില്‍ വിദ്യാര്‍ത്ഥികളുമായും റെസ്റ്റോറന്റ് ഉടമകളുമായും കൂടിക്കാഴ്ച നടത്താനെത്തിയതായിരുന്നു മാക്രോണ്‍. കൊവിഡിനു ശേഷം ജനജീവിതം സാധാരണനിലയിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് നേരിട്ട് ചോദിച്ചു മനസിലാക്കാനായിരുന്നു ഇത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫ്രാന്‍സിലെ രാത്രികാല കര്‍ഫ്യൂവും നാളെ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മാക്രോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും മാക്രോണിന് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു.
2020 ജൂലൈയില്‍ മാക്രോണിനും ഭാര്യയ്ക്കും നേരെ അസഭ്യവര്‍ഷവുമായി ജനക്കൂട്ടത്തില്‍ നിന്നും ചിലര്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു.