ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിം വോട്ടർമാർക്ക് നേരെ ആക്രമണം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ബദരീനാഥിലെ ലിബെർഹെഡി ഗ്രാമത്തിലാണ് സംഭവം. വോട്ടിന് മുന്നോടിയായി ലിബെര്‍ഹെഡി ഗ്രാമത്തിലെ മുസ്‌ലിങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വോട്ട് ചെയ്യുന്നതില്‍നിന്ന് ഇവരെ തടയുകയായിരുന്നു ലക്ഷ്യം.
തോക്കും വടികളുമായെത്തിയ സംഘം ആളുകളെ വോട്ട് ചെയ്യാൻ സമ്മതിക്കാതെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഉത്തരാഖണ്ഡിൽ ബദരീനാഥ്, മംഗളൂർ എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്‌ലിം സ്ത്രീകളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
അക്രമികള്‍ പരസ്യമായി വെടിയുതിര്‍ത്തുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഖാസി നിസാമുദ്ദീന്‍ ആരോപിച്ചു.
‘അക്രമികള്‍ പരസ്യമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് ജനാധിപത്യത്തിന്റെ ലംഘനമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകളോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല,’ ഖാസി നിസാമുദ്ദീന്‍ പറഞ്ഞു. മുസ്‌ലിങ്ങളെ സമാധാനപരമായി വോട്ട് ചെയ്യാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാളിലെ നാല് സീറ്റുകളിലേക്കും ഹിമാചൽ പ്രദേശിലെ മൂന്ന് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും ബീഹാറിലെ റുപോലി, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമർവാര, പഞ്ചാബിലെ ജലന്ധർ വെസ്റ്റ് എന്നീ മണ്ഡലങ്ങളിലുമാണ് ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്.