ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം; ഗുജറാത്ത് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാവുന്നതെങ്ങനെ
national news
ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം; ഗുജറാത്ത് കോണ്‍ഗ്രസിന് നിര്‍ണ്ണായകമാവുന്നതെങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 7:41 pm

ഗാന്ധിനഗര്‍: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാതെ കോണ്‍ഗ്രസ് ഗുജറാത്തില്‍ വന്‍ പരാജയമാണ് നേരിട്ടത്. പിന്നാലെയാണ് സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെപ്പില്‍ സീറ്റ് പിടിച്ചെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കും.

എന്നാല്‍ ഈ ആറ് സീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍, പ്രാദേശിക നേതൃത്വത്തില്‍ ചില വലിയ മാറ്റങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് തുടക്കമിട്ടേക്കാമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈക്കനാന്‍ഡിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്രദേശിക നേതൃത്വത്തിനെതിരായ അതൃപ്തി കുറച്ചു കാലമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്നതിനൊപ്പം സംസ്ഥാനപാര്‍ട്ടി നേതൃത്വം പുതിയ തലമുറയെ ഏല്‍പ്പിക്കുകയെന്ന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഉണ്ടാക്കിയ അതൃപ്തിക്കും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് മേധാവി അമിത് ചാവ്ദയും പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും രാജി വെച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്തോട് അതൃപ്തിയുള്ള ചില മുതിര്‍ന്ന നേതാക്കളുടെ യോഗം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിയില്‍ നടന്നിരുന്നു. അതില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നതുമായ അല്‍പേഷ് ഠാക്കൂര്‍ പങ്കെടുത്തിരുന്നു. എന്തിരുന്നാലും ഹൈക്കമാന്‍ഡിന് അതൃപ്തി പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് പോരാട്ടം കൂടുതല്‍ കൊഴുക്കുന്നത് അല്‍പേഷ് ഠാക്കൂറിനെയും ധവല്‍സിങ് സലയെയും രാധന്‍പൂര്‍, ബയാദ് നിയോജകമണ്ഡലങ്ങളില്‍ നിന്നായി ബി.ജെ.പി സീറ്റ് നല്‍കിയതോടെയാണ്. 2017 ല്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയ മണ്ഡലമാണ് രാധന്‍പൂര്‍. ഈ വര്‍ഷം ജൂലൈയിലാണ് അല്‍പേഷും മറ്റൊരു കോണ്‍ഗ്രസ് വിമതനായ ധവല്‍സിങ് സലയും എം.എല്‍.എ സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധി തങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു അല്‍പേഷിന്റെ ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ