ന്യൂദല്‍ഹി: ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഉന്നതാധികാര യോഗത്തിനൊരുങ്ങി ബി.ജെ.പി. ഞായറാഴ്ച ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടിവ് യോഗം ചേര്‍ന്ന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തന്ത്രം രൂപപ്പെടുത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഉപതെരഞ്ഞെടുപ്പ് ഫലം ഗൗരവമായി കാണണമെന്നാണ് പല നേതാക്കളുടെയും നിലപാട്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
യു.പിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്.
അതേസമയം 2019 ന് ശേഷം ആദ്യമായാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടിവ് ചേരുന്നത്. ബി.ജെ.പി ഭരണഘടന പ്രകാരം ദേശീയ എക്സിക്യൂട്ടീവും സംസ്ഥാന എക്സിക്യൂട്ടിവും മൂന്ന് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ് പറയുന്നത്.