ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ശക്തി ക്ഷയിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്റ് സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ്.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ സീറ്റിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തൂത്തുവാരാനായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
രാജസ്ഥാനിലും കര്‍ണാടകയിലും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടെ ശക്തി നഷ്ടപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍,” വേണുഗോപാല്‍ പി.ടി.ഐയോട് പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയിടത്തെല്ലാം ബി.ജെ.പിക്ക് കനത്ത പ്രഹരമേറ്റെന്നും വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണ് തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്കേറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 8, ബി.ജെ.പിക്ക് 7, തൃണമൂല്‍ കോണ്‍ഗ്രസിന് 4, ജെ.ഡി.യുവിനും എന്‍.പി.പിക്കും 2 സീറ്റ് വീതവും ലഭിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി, എം.എല്‍.എഫ്, യു.ഡി.പി, എന്‍.ഡി.പി.പി, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് വീതമാണ് കിട്ടിയത്.