അധികാരമുള്ളതുകൊണ്ട് പെട്ടെന്ന് ജയിക്കാമെന്ന് കരുതി; ഹിമാചലിലെ ബി.ജെ.പി തോല്‍വിയില്‍ മുഖ്യമന്ത്രി
national news
അധികാരമുള്ളതുകൊണ്ട് പെട്ടെന്ന് ജയിക്കാമെന്ന് കരുതി; ഹിമാചലിലെ ബി.ജെ.പി തോല്‍വിയില്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th November 2021, 10:22 am

ഷിംല: ഹിമാചല്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

അടുത്തിടെ പുറത്തുവന്ന നിയമസഭാ-ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത തിരിച്ചടിയായിരുന്നു ബി.ജെ.പി നേരിട്ടത്. മൂന്ന് നിയമസഭാ സീറ്റിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.

സംസ്ഥാനത്ത് അധികാരമുണ്ടായിട്ടും ഇവയിലൊന്നിലും ജയിക്കാന്‍ ബി.ജെ.പിക്കായില്ല. അതേസമയം തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്നും മുന്‍ മുഖ്യമന്ത്രി വിദര്‍ഭ സിംഗിന്റെ മരണം കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘തോല്‍വിയുടെ എല്ലാ വശങ്ങളും ബി.ജെ.പി പരിശോധിക്കും. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയില്‍ തോല്‍വിയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അമിത ആത്മവിശ്വാസം പാര്‍ട്ടിയ്ക്ക് വിനയായെന്നും അദ്ദേഹം പറഞ്ഞു. അധികാരം കൈയിലുള്ളതിനാല്‍ അനായാസം ജയിക്കാമെന്ന ധാരണ പ്രവര്‍ത്തകര്‍ക്കുമുണ്ടായിരുന്നുവെന്ന് ജയ് റാം താക്കൂര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് തോല്‍വി പാര്‍ട്ടിയുടെ കണ്ണ് തുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  bypoll defeats are an eye-opener for BJP’: Himachal CM Thakur