കോഴിക്കോട്: ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ വിദ്യാഭ്യാസമേഖലയെ പ്രതിനിധീകരിച്ച് ഉപദേശകനാകുന്നുവെന്ന പ്രചരണം തെറ്റ്. ക്രൗഡ് ഫണ്ടിംഗ് അടക്കം ആലോചിക്കാനുള്ള പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജു. ഇത് സംബന്ധിച്ച കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.
കേരളം പുനര്‍നിര്‍മ്മിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ മുഖ്യമന്ത്രിയുടെ ഉപദേശക സമിതിയില്‍ വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് ബൈജുവിനെ ഉള്‍പ്പെടുത്തിയെന്ന തരത്തില്‍ തിങ്കളാഴ്ച മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരമുണ്ടായിരുന്നു. അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ അടക്കമുള്ളവര്‍ ഈ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു.
ഇത് കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവാണെന്നും ഉപദേശകനെന്ന തസ്തിക ബൈജുവിന് നല്‍കിയിട്ടില്ലെന്നുമാണ് റീബില്‍ഡ് കേരളയുടെ വെബ്‌സൈറ്റിലുള്ളത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാര്‍, കേരളത്തിലെ മന്ത്രിമാര്‍, ഉന്നത ഉദ്യാഗസ്ഥര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് ആയിട്ടുള്ള കമ്മറ്റിയില്‍ വിദേശത്തും സ്വദേശത്തും ഉള്ള ചില വ്യക്തിത്വങ്ങളെ പൊതുവായി ഉള്‍പ്പെടുത്തിയിരുന്നു. മുരളി തുമ്മാരുകുടി, എം.എ യൂസഫലി, ആലീസ് വൈദ്യന്‍ മുതലായ വ്യക്തികള്‍ക്കിടയില്‍ ഒരു പേരാണ് ബൈജു രവീന്ദ്രന്‍.
ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അധ്യാപകനായ പ്രേമചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
പി. പ്രേമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അഡ്വ: ഹരീഷ് വാസുദേവന്റെ ഒരു fb പോസ്റ്റ് ഇപ്പോള്‍ വൈറല്‍ ആണ്. എല്ലാ കൊച്ചു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോലും അതുണ്ട് എന്നതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. ഹരീഷിന്റെ പോസ്റ്റിന് 450 ല്‍ അധികം ഷെയറുകളും 350-ല്‍ അധികം കമന്റുകളും 3k ലൈക്കുകളും മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടി. രാവിലെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇത് കണ്ടപ്പോള്‍ സംഗതി ശരിയാണല്ലോ എന്ന് തോന്നി.
അതില്‍ വക്കീലിന്റെ പേരോ ചുരുക്കപ്പേരോ ഒന്നും ഉണ്ടായിരുന്നില്ല. ഇത്ര തെമ്മാടിത്തരമാണോ പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് എന്നും തോന്നി. എന്തായാലും സ്വയം വിമര്‍ശനം നല്ലതല്ലേ, അംഗമായ പുകസ ഗ്രൂപ്പിലേക്കും KSTA ഗ്രൂപ്പിലേക്കും അപ്പോള്‍ തന്നെ വിട്ടു.
പിന്നെയാണ് മലയാള ഐക്യവേദി ഗ്രൂപ്പില്‍ അഡ്വ: ഹരീഷ് വാസുദേവന്‍ എഴുതുന്നു എന്ന് ആധികാരികമായി ആ പോസ്റ്റ് കണ്ടത്. അപ്പോള്‍ വെറുതെ തോന്നി ഒന്ന് റീബില്‍ഡ് കേരള സൈറ്റില്‍ കയറി ഉത്തരവിന്റെ അധികാരികത ഉറപ്പു വരുത്താം. ആദ്യപടിയായി നമ്മള്‍ ഫോര്‍വേഡിയ സംഗതി ഡിലിറ്റ് ആള്‍ കൊടുത്തു പിന്‍വലിച്ചു.
അരമണിക്കൂറോളം തിരഞ്ഞിട്ടും പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട സകല ലിങ്കില്‍ പോയിട്ടും അടുത്ത കാലത്തൊന്നും വക്കീല്‍ പറയുന്ന ബൈജുവിനെ വിദ്യാഭ്യാസ ഉപദേശകന്‍ ആക്കുന്ന ഓര്‍ഡര്‍ കണ്ടു കിട്ടിയില്ല. തിരച്ചിലിനൊടുവില്‍ 2018 പ്രളയകാലത്ത് ആ ഒക്ടോബറില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു കമ്മറ്റിയെക്കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. അതും പൊക്കിയാണോ ഹരീഷ് ഇപ്പോള്‍ വന്നിരിക്കുന്നത് എന്ന് അമ്പരന്നു.
റീബില്‍ഡ് കേരളയില്‍ വിദ്യാഭ്യാസം എന്ന മേഖലയേ ഇല്ല എന്ന് ഇതിനിടയില്‍ മനസ്സിലാക്കിയിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാര്‍, കേരളത്തിലെ മന്ത്രിമാര്‍, ഉന്നത ഉദ്യാഗസ്ഥര്‍ എന്നിവര്‍ എക്‌സിക്യുട്ടീവ് ആയിട്ടുള്ള കമ്മറ്റിയില്‍ വിദേശത്തും സ്വദേശത്തും ഉള്ള ചില വ്യക്തിത്വങ്ങളെ പൊതുവായി ഉള്‍പ്പെടുത്തിയിരുന്നു.
മുരളി തുമ്മാരുകുടി, എം എ യൂസഫലി, ആലീസ് വൈദ്യന്‍ മുതലായ വ്യക്തികള്‍ക്കിടയില്‍ ഒരു പേരാണ് ബൈജു രവീന്ദ്രന്‍. വക്കീലിന് നമ്മളെക്കാള്‍ രേഖകള്‍ കിട്ടാന്‍ എളുപ്പമുള്ളത് കൊണ്ട് സംഘടിപ്പിച്ച പുതിയ രേഖയാണ് കൈയ്യിലുള്ളത് എന്ന ഉറപ്പ് അപ്പാഴും ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ ഉന്നയിച്ചും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും ഹരീഷിന്റെ fb പോസ്റ്റിനു താഴെ വിനീതമായി ഒരു കമന്റിട്ട് കാത്തിരുന്നു. ഇപ്രകാരം:
‘കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ Adviosry committee യെക്കുറിച്ചാണോ ഇപ്പോള്‍ ചര്‍ച്ച? അല്ല ഇപ്പോള്‍ പുതിയ കമ്മറ്റി ഉണ്ടാക്കിയോ? അതില്‍ വിദ്യാഭ്യാസത്തിന് ഇന്നവര്‍ എന്ന് പറയുന്നുണ്ടോ? വസ്തുതകള്‍ അറിയാന്‍ മാത്രം. എന്നിട്ട് ഫോര്‍വേഡ് ചെയ്യണം.
കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത Oct 2018.
There will alos be prominent names representing various sectors like young entrepreneur Byju Raveendran of Byju’s App, former HUDCO chairman V Suresh, Alice Vaidyan, NRK businessman M A Yusuffali, K P Kannan of CDS and Muralee Thummarukudy. The panel will provide necessary advice and overall guidance for various projects. The first meeting of the panel will be on October 22.
ഇത് ഇപ്പോള്‍ വന്ന ഉത്തരവാണോ പഴയതാണോ എന്നതിന് ഹരീഷ് ഒരു മറുപടി നല്‍കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസ മേഖലയിലെ ഉപദേശത്താനാണ് എന്ന അര്‍ത്ഥത്തില്‍ പട്ടിക പെടുത്തിയിട്ടുണ്ടോ എന്നതിനും. പ്ലീസ്.’
ക്ഷമ ഇല്ലാത്തതു കൊണ്ട് അര മണിക്കൂര്‍ കഴിഞ്ഞ് ഒരു റിമൈന്‍ഡറും ഇട്ടു. ഹരീഷിന്റെ മറുപടി കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയി. അത് ഇങ്ങനെ.
‘ഉത്തരവ് പഴയത് തന്നെ. ശ്രീ.ബൈജുവിന് അന്താരാഷ്ട്ര നയതന്ത്രത്തിലും ദുരന്തലഘൂകരണത്തിലും ഒന്നും വൈദഗ്ധ്യം ഉള്ളതായി അറിയില്ല. വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ബൈജു എന്നൊരു വാര്‍ത്ത കണ്ടു. GO യില്‍ കാറ്റഗറി ഉണ്ടോ എന്നറിയില്ല.’
രണ്ടു വിഷയങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടു മാത്രമാണ് ഇക്കാര്യങ്ങള്‍ ഒരു പോസ്റ്റ് ആക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൈ നല്‍കരുത്, ഇതെല്ലാം പിണറായി വിജയന്റെ ഏകാധിപത്യവും താന്തോന്നിത്തവും ആണ് എന്ന സംഘി സാഹിത്യം ഒരു വിധം ഇടത്തരക്കാരില്‍ ഒക്കെ എത്തിയിട്ടുണ്ട്.
അഡ്വ. ഹരീഷ് വാസുദേവന്‍ തന്നെ വീഡിയോ വഴിയും എഴുതിയും ബോധാവത്കരിച്ചിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ മുന്നേറ്റങ്ങള്‍ സംഭാവനയില്‍ ഉണ്ടായില്ല. സാലറി ചാലഞ്ച് ഇല്ലെങ്കിലും സഹായിക്കാന്‍ പുഷ്പം പോലെ കഴിയുന്ന ഉദ്യോഗസ്ഥര്‍ മുട്ടാപ്പോക്ക് ന്യായത്തില്‍ അഭയം കണ്ടെത്തി. ഇതിലൂടെ ഒന്നാന്തരം ഒരു ന്യായമാണ് ഹരീഷ് അത്തരക്കാര്‍ക്ക് നല്‍കിയത്. പ്രത്യേകിച്ചും കേരളത്തിലെ വലിയ വിഭാഗം അധ്യാപകര്‍ക്ക്.
രണ്ടാമത്തെ കാര്യം, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ഓര്‍ഡര്‍ ആണെന്ന് അറിഞ്ഞിട്ടും അത് മറച്ച് വെച്ച് പുതിയ തീരുമാനം ഇതാ വന്നിരിക്കുന്നു എന്ന ഭാവത്തില്‍ അദ്ദേഹം അത് ചെയ്തത് സ്വന്തം വാദങ്ങള്‍ക്ക് ബലം കിട്ടാനുള്ള വക്കീലന്മാരുടെ സ്വാഭാവികമായ ഒരു അടവ് നയം ആകാം.
അതിലെ ചതി, ബൈജുവിനെ വിദ്യാഭ്യാസ ഉപദേശകനാക്കിയത് ഹൃദയകുമാരി ടീച്ചറെയും ആര്‍ വി ജി മേനോനെയും പോലുള്ള വരെ മാറ്റിനിര്‍ത്തിയാണ് എന്ന സ്വയം കണ്ടെത്തലാണ്. വിദ്യാഭ്യാസ ഉപദേശകന്‍ ആയല്ല ബൈജുവിനെ നിയമിച്ചത് എന്നത് വ്യക്തമാണല്ലോ. Crowd Funding അടക്കം ആലോചിക്കാനുള്ള ഒരു പൊതുസമിതിയിലെ അംഗം മാത്രമാണ് ബൈജു. അത് ഒരു കേട്ടുകേള്‍വിയെ മാത്രം വിശ്വസിച്ചതാണ് എന്ന ഹരീഷിന്റെ വിനീതത്വം പക്ഷേ നൂറുക്കണക്കിന് സര്‍ക്കാര്‍ വിരുദ്ധകമന്റുകള്‍ക്ക് അപ്പോഴേക്കും വഴിവെച്ചിരുന്നു.
സത്യാനന്തരകാലത്തെ ലീലാ വിലാസങ്ങളില്‍ പ്രിയപ്പെട്ട വക്കീലും അഭിരമിക്കാന്‍ തുടങ്ങിയോ? മറ്റെല്ലാത്തിലും വ്യാജങ്ങള്‍ ആയിക്കോളൂ, പക്ഷെ അത് ഇതിന്മേല്‍ വേണോ?