| Wednesday, 14th March 2012, 9:28 am

'ബ്യാരി' നിയമവിരുദ്ധം: സാറാ അബൂബക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദേശീയ പുരസ്‌കാരത്തിന് പിന്നാലെ ബ്യാരിയെന്ന സിനിമയെ തേടി വിവാദങ്ങളും. ബ്യാരിയുടെ കഥയെച്ചൊല്ലിയാണ് വിവാദമുയര്‍ന്നിരിക്കുന്നത്.

കന്നട എഴുത്തുകാരി സാറ അബൂബക്കറാണ് ബ്യാരിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദേശീയ പുരസ്‌കാരം നേടിയ “ബ്യാരി” യുടെ നിര്‍മാണം നിയമവിരുദ്ധമാണെന്നാണഅ സാറയുടെ ആരോപണം.  കന്നടയില്‍ രചിച്ച  “ചന്ദ്രഗിരിയുടെ തീരത്ത്” എന്ന തന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയെടുക്കുന്ന സമയത്ത് തന്നോട് അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് സാറ പറയുന്നത്.

ഈ നോവലിനെ ആസ്പദമാക്കി  തമിഴിലെടുത്ത “ജമീല” എന്ന സിനിമക്ക് കരാര്‍ ഒപ്പിടുമ്പോള്‍ മറ്റ് ഭാഷകളില്‍ 15 വര്‍ഷത്തേക്ക് സിനിമ നിര്‍മിക്കാന്‍ അനുമതി നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് സാറാ അബൂബക്കര്‍ പറയുന്നു. 2001ലാണ് “ജമീല”യുടെ സംവിധായകന്‍ പൊന്‍വണ്ണനുമായി കരാറുണ്ടാക്കിയത്. നാഷനല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സഹായത്തോടെ നിര്‍മിച്ച ചിത്രത്തിന് 2002ല്‍ മികച്ച തമിഴ് സിനിമക്കുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച കഥക്കുള്ള പുരസ്‌കാരവും നേടി.

ബ്യാരി നിര്‍മിക്കുമ്പോള്‍ തന്റെ  അനുമതി തേടാത്തതിനാല്‍ ഫിലിം ചേംബറിന് പരാതി നല്‍കിയിരുന്നു. മംഗലാപുരം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍   സംവിധായകന്‍ സുവീരനും നിര്‍മാതാവ് അല്‍ത്താഫും തന്റെ മംഗലാപുരത്തെ വീട്ടില്‍ വന്ന് കാലുപിടിച്ച് അപേക്ഷിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോയില്ല. പിന്നീട് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ്  ബ്യാരിയുടെ കഥ തന്റേതാണെന്ന് പറഞ്ഞത്. ബ്യാരി സിനിമയില്‍ തന്റെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല.   പ്രതിഷേധമുണ്ടെങ്കിലും എഴുത്തിനെ ബാധിക്കുന്നതിനാല്‍ കോടതിയില്‍ പോകുന്നില്ലെന്ന് സാറാ അബൂബക്കര്‍ പറഞ്ഞു.

“ചന്ദ്രഗിരിയുടെ തീരങ്ങളില്‍”  മലയാളം, കന്നട, ഹിന്ദി, തമിഴ്, ഒറിയ, ഇംഗ്ലീഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ബാംഗ്ലൂര്‍,  കുവെംപു, ബിജാപൂര്‍, ധാര്‍വാഡ്, മൈസൂര്‍ സര്‍വകലാശാലകളിലെ കോളജുകളില്‍ നോവല്‍ പാഠപുസ്തകമാണ് ഈ നോവല്‍.

സാറയുടെ നോവലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബ്യാരി ഒരുക്കിയതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സുവീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more