എന്നാലും എന്റെ വിദ്യേ! ചോദ്യമുയര്‍ത്തി പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News
എന്നാലും എന്റെ വിദ്യേ! ചോദ്യമുയര്‍ത്തി പി.കെ. ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2023, 9:27 pm

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറര്‍ ആകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവര്‍ത്തിപരിചയ രേഖയുണ്ടാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി കെ. വിദ്യക്കെതിരെ കേസൈടുത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രിയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷയുമായ പി.കെ. ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഒറ്റവരി പോസ്റ്റാണ് പി.കെ. ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.

പാലക്കാട് അട്ടപ്പാടി സര്‍ക്കാര്‍ കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജ രേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.കെ. ശ്രിമതിയുടെ പോസ്റ്റ്. വിദ്യയുടെ ഒപ്പമുള്ള ചിത്രങ്ങള്‍ പി.കെ. ശ്രീമതി ഫേസ്ബുക്ക് ടൈംലൈനില്‍ ഉണ്ട്.

അതേസമയം, കേസില്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പളിന്റെ മൊഴിയെടുത്തിട്ടുണ്ട്. കോളേജിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും രേഖ വ്യാജമായി ഉണ്ടാക്കിയതാണെന്നും പ്രിന്‍സിപ്പള്‍ മൊഴി നല്‍കി. സംഭവം നടന്നത് അട്ടപ്പാടിയില്‍ വെച്ചായതിനാല്‍ കേസ് അഗളി പൊലീസിന് കൈമാറിയേക്കും.

രണ്ട് വര്‍ഷം മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തതായാണ് രേഖ. കോളേജിന്റെ സീലും വൈസ് പ്രിന്‍സിപ്പളിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയെന്നാണ് കേസ്.

2018-19, 2020-21 കാലയളവുകളില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്‌തെന്ന് കാട്ടിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി രണ്ട് കോളേജുകളില്‍ വിദ്യ ജോലി ചെയ്തിരിക്കുന്നത്.
വ്യാജമായ സീലും എംബ്ലവും പതിപ്പിച്ചുകൊണ്ടാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

അട്ടപ്പാടി കോളേജിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിന് എത്തിയപ്പോള്‍ സംശയം തോന്നിയ കോളേജ് അധികൃതരാണ് മഹാരാജാസിലെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ടത്. തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.