ന്യൂദല്‍ഹി: കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വയനാട്, ചേലക്കര, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ നവംബര്‍ 13നായിരിക്കും ഉപതെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.
പാലക്കാട് എം.എല്‍.എയായിരുന്ന ഷാഫി പറമ്പില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേലക്കര എം.എല്‍.എയായിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി, റായ്ബറേലി മണ്ഡലത്തിലും വിജയിക്കുകയുണ്ടായി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. ഈ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ തീയതിയും പ്രഖ്യാപിച്ചു. നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13ന് ആദ്യഘട്ടവും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും. നവംബര്‍ 23ന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരും 11.84 ലക്ഷം പുതിയ വോട്ടര്‍മാരുമാണുള്ളത്.
ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് നിയമസഭാ സീറ്റിലേക്കും മഹാരാഷ്ട്രയിലെ നന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കും നവംബര്‍ 20ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ എകിസ്റ്റ് പോളുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചു. എക്‌സിറ്റ് പോളുകള്‍ പൊതുജനങ്ങളുടെ ധാരണയെ വളച്ചൊടിക്കുന്നുവെന്ന് രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടിങ് മെഷിനെതിരെ നല്‍കിയ 20 പരാതികളില്‍ കമ്മീഷന്‍ മറുപടി നല്‍കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
രാജീവ് കുമാറിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Content Highlight: By-elections in Kerala on November 13