| Thursday, 12th August 2021, 11:50 am

ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി യു.ഡി.എഫ്; എല്‍.ഡി.എഫിന്റെ നാല് സീറ്റ് പിടിച്ചെടുത്തു, യു.ഡി.എഫിന്റെ മൂന്ന് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് എട്ടിടത്തും യു.ഡി.എഫ് ഏഴിടത്തും വിജയിച്ചു. ഒമ്പത് ജില്ലകളിലെ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

എല്‍.ഡി.എഫിന്റെ നാല് സിറ്റിംഗ് സീറ്റുകളടക്കം അഞ്ചു സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ്, യു.ഡി.എഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളും പിടിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിന്റെ വിജയം.

കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്.

സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ജയിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 96 വോട്ടിനാണ് വിജയിച്ചത്.

നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. സി.പി.ഐ.എമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്.

മലപ്പുറം തലക്കാട് പഞ്ചായത്തിലെ പാറശ്ശേരി വെസ്റ്റ് സി.പി.ഐ.എം നിലനിര്‍ത്തി. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ ഒരു ദിവസം മുമ്പ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ഇവിടെ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ പത്താം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി. വണ്ടൂര്‍ പഞ്ചായത്തിലെ മുടപ്പിലാശ്ശേരി ഒമ്പതാം വാര്‍ഡ് യു.ഡി.എഫ് നിലനിര്‍ത്തി.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തി.

കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റാണിത്. നറുക്കെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ചു. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 168 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിക്ക് ആറ് വോട്ടും കിട്ടി.

മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫിലെ രതീഷ് ചങ്ങാലിമറ്റം 91 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

വീര്‍പ്പാട് വാര്‍ഡില്‍ വിജയം നേടിക്കൊണ്ട് കണ്ണൂര്‍ ആറളം പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ ഭരണത്തിലേറിയ എല്‍.ഡി.എഫിന് വീര്‍പ്പാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു.

എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ കോഴിപ്പിള്ളി പതിമൂന്നാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ 232 വോട്ടിനാണ് യു.ഡി.എഫ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 15 വോട്ടിനാണ് ഇവിടെ എല്‍.ഡി.എഫ് ജയിച്ചിരുന്നത്.

വേങ്ങൂര്‍ പഞ്ചായത്തിലെ ചൂരത്തോട് വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. 19 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.പീറ്റര്‍ ജയിച്ചത്.

പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷന്‍ യു.ഡി.എഫ് പിടിച്ചെടുത്തു. 205 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സിനി ജോയ് ഇവിടെ വിജയിച്ചത്.

കോഴിക്കോട് വളയം പഞ്ചായത്തിലെ കല്ലുനിര വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

By Election Result local wards; In the first results, LDF gained, and UDF in Piravom

We use cookies to give you the best possible experience. Learn more