ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും; പ്രളയാനന്തര കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യതയായി നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരും
Social
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും; പ്രളയാനന്തര കേരളത്തിന് വന്‍ സാമ്പത്തിക ബാധ്യതയായി നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരും
അലി ഹൈദര്‍
Saturday, 9th March 2019, 4:52 pm

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകുമ്പോള്‍ സി.പി.ഐ.എമ്മിന്റെ നാലും സി.പി.ഐന്റെ രണ്ടും ഉള്‍പ്പടെ ആറ് സിറ്റിംഗ് എം.എല്‍.എമാരാണ് പട്ടികയില്‍ ഇടംപിടിച്ചത്. കേരളത്തില്‍ ലോകസ്ഭാ തെരഞ്ഞെടുപ്പുകളില്‍ എം.എല്‍.എമാരെ നിര്‍ത്തി വോട്ടുപിടിക്കുന്നത് ഇതാദ്യമല്ല. എന്നാല്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ വിലപിക്കുന്നതിനിടെയാണ് ഭാരിച്ച ചെലവു വരുന്ന ഉപതെരഞ്ഞെടുപ്പിന് വഴിവെക്കുംവിധം ഭരണകക്ഷി തന്നെ കൂട്ടത്തോടെ എം.എല്‍.എമാരെ മത്സരരംഗത്തേക്കിറക്കുന്നത്.

എം.എല്‍.എ, എം.പി ആയാല്‍ ആറുമാസത്തിനുള്ളില്‍ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സാധാരണഗതിയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ നിലവിലുണ്ടായിരുന്ന സ്ഥാനം ഒഴിയുകയാണ് പതിവ്. ഇപ്പോഴത്തെ നിലയില്‍ കേരളത്തില്‍ മത്സരിക്കുന്ന എം.എല്‍.എമാര്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ രാജിവയ്ക്കുന്നത് എം.എല്‍.എ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കില്‍ 2021 മേയ് വരെ കേരള നിയമസഭയ്ക്ക് കാലാവധി ഉള്ളതിനാല്‍ ഒഴിവുവരുന്ന മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.

ഒരു നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പു കമ്മിഷന് ചെലവാകുക 75 ലക്ഷത്തോളം രൂപയാണ്. ഉദ്യോഗസ്ഥരുടെ ഭക്ഷണം, യാത്ര, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, നിരീക്ഷകരുടെ ചെലവ്, തുടങ്ങിയവ ഇതില്‍ പെടും. ചെലവുകളുടെ വകയില്‍ വോട്ടറുടെ വിരലില്‍ പുരട്ടുന്ന മഷിക്ക് വരെ നല്ല തുക ചെലവാകും. പത്തു മില്ലി മഷിയുടെ ഒരു കുപ്പിക്ക് വില 142 രൂപയാണ്. ഒരു ബൂത്തില്‍ 2 കുപ്പി മഷി വേണ്ടിവരും. ശരാശരി 165 ബൂത്തുകളെങ്കിലും ഒരു മണ്ഡലത്തിലുണ്ടാകും. കൂടാതെ ഉപതെരഞ്ഞെടുപ്പിന് വേണ്ടി ചെലവിടുന്ന സമയവും പ്രധാനപ്പെട്ടതാണ്.

Related image

13 വര്‍ഷമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എം.എല്‍.എയായ എ.പ്രദീപ് കുമാര്‍, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, ആലപ്പുഴയിലെ എം.എല്‍.എ ആരിഫ്. ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്ജ് എന്നിവര്‍ സി.പി.ഐ,എം സ്ഥാനാര്‍ത്ഥിയായും അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍, നെടുമങ്ങാട് എം.എല്‍.എ സി ദിവാകരന്‍ എന്നിവര്‍ സി.പി.ഐയ്ക്ക് വേണ്ടിയുമാണ് ജനവിധി തേടുന്നത്. ഇവരെ കൂടാതെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടെടുത്തിട്ടുണ്ടെങ്കിലും സംസ്ഥാനത്തു തയാറാക്കിയ പട്ടികയില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന്റെയും ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെയുമടക്കം പല മണ്ഡലങ്ങളിലേക്കും എം.എല്‍.എമാരുടെ പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുന്നണികള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ എം.എല്‍.എമാരെ മത്സരരംഗത്തേക്കിറക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതോടെ വരാനിരിക്കുന്നത് ഒരു മിനിനിയമസഭാ തെരഞ്ഞെടുപ്പായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ഖജനാവിന് വരുത്തി വെക്കുന്നത് ഭീമമായ സാമ്പത്തിക ബാധ്യതയാണ് എന്ന കാര്യത്തിലും.

നിയമസഭയിലക്ക് ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച തുകയുടെ പരിധി 28 ലക്ഷം രൂപയാണ്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി ഒരോ നിയമസഭാ മണ്ഡലത്തിലും പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രദീപ് കുമാര്‍ 21,80862 രൂപ ചെലവായെന്ന് ഇലക്ഷന്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.  ഇത് ഒരു മണ്ഡലത്തിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ മാത്രം കണക്കാണ്.

കൂടാതെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ സര്‍ക്കാറിന്റെ മുഴുവന്‍ ശ്രദ്ധയും തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലേക്ക് ചുരുങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ അരുവിക്കര ഉപതെരഞ്ഞെടുപ്പും പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും അതിനൊരുദാഹരണമാണ്.

2019ലെ ബജറ്റ് പ്രസംഗത്തില്‍ കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക് വിശദമായി പരാമര്‍ശിക്കുകയും ചിലവു ചുരുക്കലിനായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല, സര്‍ക്കാര്‍ വകുപ്പുകള്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ മിതത്വം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഇത്രയേറെ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് അനാവശ്യ ഉപതെരഞ്ഞെടുപ്പെന്ന ധൂര്‍ത്തിന് വഴിവെക്കുന്ന സമീപനം അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമല്ലോയെന്ന സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, “ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍.ഡി.എഫിന് യാതൊരു പ്രയാസവുമില്ല. എല്‍.ഡി.എഫിന്റെ ആത്മവിശ്വാസമാണ് അത് തെളിക്കുന്നത്.” എന്ന പൊങ്ങച്ചം പറയുകയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. അതുകൊണ്ടുതന്നെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിനായി ചിലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാര്‍ അവകാശവാദത്തിന്റെ ആത്മാര്‍ത്ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

അലി ഹൈദര്‍
മാധ്യമപ്രവര്‍ത്തകന്‍