| Monday, 23rd September 2019, 3:03 pm

മോദി അരികില്‍ നിര്‍ത്തി നെഹ്‌റുവിനെ പുകഴ്ത്തി യു.എസ് ഡെമോക്രാറ്റ് നേതാവ് സ്റ്റെനി ഹോയര്‍; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അരികില്‍ നിര്‍ത്തി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പുകഴ്ത്തി യു.എസ് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷ നേതാവ് സ്റ്റെനി ഹോയര്‍. ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ ട്രംപും മോദിയും ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു സ്റ്റെനി ഹോയറിന്റെ പ്രസംഗം.

‘ അമേരിക്കയെപ്പോലെ ഇന്ത്യയും ഗാന്ധിയുടെ ആശയങ്ങള്‍ക്കും ഇന്ത്യയെക്കുറിച്ചുള്ള നെഹ്‌റുവിന്റെ കാഴ്ചപ്പാടിനും അനുസൃതമായി ഒരു ഭാവി കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ്. ബഹുസ്വരതയെ ബഹുമാനിക്കുകയും ഒരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന മതേതര ജനാധിപത്യ രാഷ്ട്രമായാണ് നെഹ്‌റു ഇന്ത്യയെ കണ്ടത്.’ എന്നാണ് ഹോയര്‍ പറഞ്ഞത്.

സ്വാതന്ത്ര്യം ലഭിച്ചവേളയില്‍ അര്‍ധരാത്രി നെഹ്‌റു നടത്തിയ പ്രസംഗവും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഓരോ കണ്ണിലുമുള്ള എല്ലാ കണ്ണുനീരും തുടയ്ക്കുകയെന്ന ഗാന്ധിയുടെ ആഗ്രഹത്തെക്കുറിച്ചാണ് നെഹ്‌റു പറഞ്ഞത്. കണ്ണീരും വേദനയും ഉള്ളിടത്തോളം കാലം നമ്മുടെ ജോലി തീരില്ലെന്ന വാക്കും അദ്ദേഹം എടുത്തുപറഞ്ഞിരുന്നെന്ന് ഹോയര്‍ സൂചിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാറിന്റെ ഓരോ പരാജയങ്ങളും നെഹ്‌റുവിനെ പഴിപറയുന്ന മോദി സര്‍ക്കാര്‍ നടപടി വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകമാണ് ഹോയര്‍ നെഹ്‌റുവിനെ പുകഴ്ത്തി സംസാരിച്ചത്. പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്‌റുവാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

We use cookies to give you the best possible experience. Learn more