ബെംഗളൂരു: പൗരത്വ നിയമത്തിനെതിരെ കവിത എഴുതിയതിന്റെ പേരില്‍ കവിയെ അറസ്റ്റ് ചെയ്ത സംഭവത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. നിയമസഭയില്‍വെച്ച് ആ കവിത ചൊല്ലിയായിരുന്നു അദ്ദേഹം എഴുത്തുകാരന്റെ അറസ്റ്റിനെതിരെ കുമാരസ്വാമി രംഗത്തെത്തിയത്. ഈ സമയം കോപ്പലിലെ കോടതിയില്‍ കവി സിറാജ് ബിസറലിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് തന്റെ കവിത എച്ച്.ഡി കുമാരസ്വാമി നിയമസഭയില്‍ ചൊല്ലിയ കാര്യം താനറിഞ്ഞതെന്നും അദ്ദേഹം അങ്ങനെ ചെയ്തതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ബിസറലിയുടെ പ്രതികരണം.
കുമാരസ്വാമിയെന്ന ഒരു വ്യക്തി മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെ കുറിച്ച് ബോധവാന്‍മാരാകുന്ന ഏതൊരു വ്യക്തിയും ആളുകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ ശബ്ദിക്കണമെന്നും ബിസറലി പറഞ്ഞു
”ഈ കവിത പ്രധാനമന്ത്രിയെ അപമാനിക്കുന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നു, എന്നാല്‍ ഞാന്‍ ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് കവിതയില്‍ പരാമര്‍ശിച്ചിട്ടില്ല”, കോപ്പല്‍ ജില്ലയിലെ ഭാഗ്യനഗര സ്വദേശിയായ ബിസറലി പറഞ്ഞു.
കവിതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബിസറലിക്കും സാംസ്‌കാരിക മേള സംഘടിപ്പിച്ച ജില്ലാ ഭരണകൂടത്തിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
”ഞാന്‍ സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്തുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്. ഇതിന് മുമ്പ് ഇത്തരമൊരു സെന്‍സര്‍ഷിപ്പ് ഉണ്ടായിട്ടില്ല, ”കന്നഡ ചാനലിന്റെ ജില്ലാ റിപ്പോര്‍ട്ടര്‍ കൂടിയായ ബിസറലി പറഞ്ഞു.
അതേസമയം കവിതയെഴുതാനുള്ള പ്രചോദനത്തെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിഷയം കോടതിയിലാണെന്നും പ്രതികരിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിഫലിപ്പിക്കേണ്ടത് ഒരു എഴുത്തുകാരന്റെ ഉത്തരവാദിത്തമാണെന്നും അത് മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കവിത 15 ലധികം ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ വായിക്കുകയും ചെയ്തു. ഫലത്തില്‍, കവിത കവിയേക്കാള്‍ വലുതായിരിക്കുന്നു. – ബിസറലി പറഞ്ഞു.
‘എന്നാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ നല്‍കുക’ എന്ന കവിത എഴുതിയതിനാണ് സിറാജ് ബിസറലിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. കവിത ചൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രാജബാക്സി എന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റു ചെയ്തിരുന്നു. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ബുധനാഴ്ചയാണ് ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കിയത്.
കന്നഡയില്‍ എഴുതിയ കവിത ഇതിനോടകം 13 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീപര്‍ത്തിപ്പെടുത്തിയെന്നുമാണ് ഇരുവര്‍ക്കുമെതിരെയുള്ള എഫ്.ഐ.ആര്‍.
പൗരത്വഭേദഗതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ ശക്തമായി വിമര്‍ശികൊണ്ടാണ് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ബിസറലിയുടെ കവിത നിയമസഭയില്‍ വായിച്ചത്.
ഏതാനും ചില സംഘടനകളെ പ്രീതിപ്പെടുത്താനായി ചീത്തപ്പേര് ഉണ്ടാക്കരുതെന്ന് യെദിയൂരപ്പയോട് കുമാരസ്വാമി പറയുകയും ചെയ്തിരുന്നു.
” സ്വയപ്രയത്നത്തിലൂടെയാണ് താങ്കള്‍ ഇന്നീ കാണുന്ന നിലയിലെത്തിയത്. മറ്റാരേയും പ്രതീപ്പെടുത്താനല്ല താങ്കളിവിടെ നില്‍ക്കുന്നത്. അതിന് ശ്രമിക്കുകയും ചെയ്യരുത്. ആറ് കോടി ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കൂ,” കുമാരസ്വാമി പറഞ്ഞു.
അധികാരികള്‍ക്കെതിരെ മുന്‍പും ഒരുപാട് പേര്‍ കവിതകള്‍ എഴുതിയിട്ടുണ്ടെന്നും അതിലൊന്നും ഒരുതെറ്റുമില്ലെന്നും ഇതുതന്നെയാണ് ബിസറലി ചെയ്തതെന്നും അതിലൊരു തെറ്റും കാണാന്‍ സാധിക്കില്ലെന്നും കുമാര സ്വാമി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ